ഐപിഎല്ലിൽ ഇന്നലെ മൊഹാലിയിൽ നടന്ന ആവേശപോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഹോംടീമായ പഞ്ചാബിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടാൻ കഴിഞ്ഞത് 153 റൺസാണ്. 36 റൺസെടുത്ത മാത്യൂ ഷോർട്ട് ടോപ് സ്കോററായി. കൊൽക്കത്തയ്‌ക്ക് എതിരായ മത്സരത്തിൽ അവസാന ഓവറിൽ റിങ്കു സിംഗ് 5 സിക്സ് അടിച്ച ബോളർ യാഷ് ദയാലിനെ മാറ്റി മുൻ ഇന്ത്യൻ താരം മോഹിത് ശർമയ്ക്ക് ഗുജറാത്ത് അവസരം നൽകി. നാലോവറിൽ വെറും 18 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ആദ്യ മത്സരത്തിൽതന്നെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിനായി സാഹായും ഗില്ലും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 19 പന്തിൽ 30 റൺസെടുത്ത ശേഷമാണ് സാഹ മടങ്ങിയത്. 19 റൺസോടെ സുദർശനും 8 റൺസോടെ നായകൻ പാണ്ഡ്യയും പെട്ടെന്ന് പുറത്തായി. എങ്കിലും ഒരറ്റത്ത് നങ്കൂരമിട്ട് കളിച്ച ഗിൽ തന്റെ അർദ്ധസെഞ്ചുറി പൂർത്തിയാക്കി. ഗില്ലും മില്ലറും അനായാസം വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ജയിക്കാനായി 7 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിലെ രണ്ടാം പന്തിൽ സാം കറൻ ഗില്ലിന്റെ കുറ്റിപിഴുതു. അതോടെ വീണ്ടുമൊരു മത്സരം കൂടി, ഫൈനൽ ഓവർ ത്രില്ലറായി മാറി. എങ്കിലും പിന്നീടെത്തിയ രാഹുൽ തെവാത്തിയ അഞ്ചാം പന്തിൽ ബൗണ്ടറി നേടി വിജയം കൈക്കലാക്കി.
അതിനിടെ മത്സരത്തിൽ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യയുടെ ഭാഗത്തുനിന്നുമുണ്ടായ ഒരു തെറ്റ് അമ്പയർമാർ ശ്രദ്ധിക്കാതിരുന്നത് വൻ വിവാദമായി മാറിയിരിക്കുകയാണ്. പഞ്ചാബിന്റെ ബാറ്റിങ്ങിന് ഇടയിലായിരുന്നു സംഭവം. 25 റൺസെടുത്ത ജിതേഷ് ശർമ മോഹിത് ശർമയുടെ പന്തിൽ വിക്കറ്റ് കീപ്പർ സാഹ പിടിച്ചാണ് പുറത്തായത്. എങ്കിലും ആദ്യം അമ്പയർ ഔട്ട് നൽകിയില്ല, ബോളറും പന്ത് എഡ്ജ് ആയതറിഞ്ഞില്ല. എന്നാൽ കീപ്പർ സാഹ അപ്പീൽ ചെയ്തുകൊണ്ടിരുന്നു. റിവ്യൂ എടുക്കാണോ വേണ്ടയോ എന്ന സംശയത്തിൽ നിന്ന പാണ്ഡ്യ ടൈമറിൽ പൂജ്യമായതോടൊപ്പമാണ് റിവ്യൂ സിഗ്നൽ നൽകിയത്. തുടർന്ന് സമയം കഴിഞ്ഞുപോയി എന്ന സംശയത്തിൽ അദ്ദേഹം തലയിൽ കൈവയ്ക്കുന്നുമുണ്ട്. എങ്കിലും തേർഡ് അമ്പയർ അതിൽ എഡ്ജ് കണ്ടെത്തുകയും ഔട്ട് വിധിക്കുകയുമാണ് ചെയ്തത്. എപ്പോഴാണ് റിവ്യൂ സിഗ്നൽ നൽകിയത് എന്നു പരിശോധിക്കാതെയാണ് ഔട്ട് നൽകിയത് എന്നാണ് ആരാധകരുടെ വാദം.