ഡിസിഷൻ റിവ്യൂ സിസ്റ്റത്തിൽ ഒരു ക്യാപ്റ്റൻ ഏറ്റവും കൂടുതൽ കാര്യങ്ങൾ തിരക്കുക വിക്കറ്റ് കീപ്പറോട് ആയിരിക്കും. കൃത്യമായ തീരുമാനം ക്യാപ്റ്റൻ എടുക്കാൻ ഇത്തരത്തിലുള്ള കീപ്പർമാരുടെ ഉപദേശം സഹായിക്കുകയും ചെയ്യും. എന്നാൽ കീപ്പർ റിവ്യൂ വേണ്ട എന്ന് പറഞ്ഞിട്ടും ബൗളേറുടെ മാത്രം വാശി കൊണ്ട് ക്യാപ്റ്റൻ റിവ്യൂ എടുക്കുന്നത് കണ്ടിട്ടുണ്ടോ!!..
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിലെ ഇരുപതാമത്തെ മത്സരം.റോയൽ ചലഞ്ചഴ്‌സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ്.മത്സരത്തിന്റെ 13 മത്തെ ഓവർ.മിച്ചൽ മാർഷാണ് ഡൽഹിക്ക് വേണ്ടി ബൗൾ ചെയ്യുന്നത്. മഹിപൽ ലോമറോറാണ് ക്രീസിൽ.
ഓവറിലെ രണ്ടാമത്തെ പന്ത് സിക്സർ പറത്തിയ ലോമറോർ മൂന്നാമത്തെ പന്ത് നേരിടാൻ നിൽക്കുകയാണ്.ഫുൾ ലെങ്ത്തിൽ വന്ന ഒരു പന്ത് അദ്ദേഹം ഡ്രൈവ് ചെയ്യുന്നു. എന്നാൽ അദ്ദേഹത്തിന് കൃത്യമായി കണക്ട് ചെയ്യാൻ സാധിക്കുന്നില്ല. കീപ്പർ അഭിഷേക് പോരലിന്റെ കയ്യിൽ പന്ത് വിശ്രമിക്കുന്നു. എന്നാൽ ബൗളേർ മിച്ചൽ മാർഷ് അപ്പീൽ ചെയ്യുന്നു.കീപ്പറിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ അപ്പീലുമില്ല.അത് കൊണ്ട് തന്നെ അമ്പയർ നോട്ട് ഔട്ട് വിളിക്കുന്നു. പക്ഷെ മാർഷ് തന്റെ നായകനോട് റിവ്യൂ എടുക്കാൻ ആവശ്യപെടുന്നു.കീപ്പർ താൻ ഒന്നും കേട്ടില്ല എന്ന് പറയുന്നു. ഒടുവിൽ വാർണർ റിവ്യൂ എടുക്കുന്നു. മാർഷിന് വിക്കറ്റും ലഭിക്കുന്നു.