Categories
Cricket Latest News

എന്തോന്നടെ ഇത് ഡോൾഫിനോ?ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ച് ആവേണ്ട ഐറ്റം ആയിരുന്നു ; വീഡിയോ കാണാം

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും റണ്ണേഴ്സ് അപ്പായ രാജസ്ഥാൻ റോയൽസും തമ്മിൽ ഞായറാഴ്ച രാത്രി നടന്ന പോരാട്ടം വീറും വാശിയും നിറഞ്ഞതായിരുന്നു. ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തിനൊടുവിൽ മലയാളി താരം സഞ്ജു വി സാംസൺ നയിച്ച റോയൽസ് 3 വിക്കറ്റിന് വിജയം നേടിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 45 റൺസെടുത്ത ഓപ്പണർ ഗിൽ, 46 റൺസെടുത്ത മില്ലർ, എന്നിവരുടെ മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയത്.

മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന് ടോപ് ഓർഡർ താരങ്ങളുടെ വിക്കറ്റുകൾ കൂട്ടത്തോടെ നഷ്ടമായെങ്കിലും നായകന്റെ ഉത്തരവാദിത്വത്തോടെ കളിച്ച സഞ്ജു, ഹേറ്റ്മയറെ കൂട്ടുപിടിച്ച് ടീമിനെ രക്ഷിക്കുകയായിരുന്നു. സ്പിന്നർ റാഷിദ് ഖാനെ ഹാട്രിക് സിക്സ് ഉൾപ്പെടെ പറത്തിയ സഞ്ജു 32 പന്തിൽ 60 റൺസെടുത്താണ് മടങ്ങിയത്. തുടർന്ന് എത്തിയ ധ്രുവ് ജൂറേൾ(10 പന്തിൽ 18), അശ്വിൻ(3 പന്തിൽ 10) എന്നിങ്ങനെ നേടി. 26 പന്തിൽ പുറത്താകാതെ 56 റൺസ് നേടിയ ഹേറ്റ്മായർ അവസാന ഓവറിലെ രണ്ടാം പന്തിൽ സിക്സ് നേടി മത്സരം ഫിനിഷ് ചെയ്തുകൊണ്ട് കളിയിലെ താരമായി.

മത്സരത്തിൽ രാജസ്ഥാനെ കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിക്കാൻ നിർണായക പങ്കുവഹിച്ച ഓപ്പണർ ജോസ് ബട്ട്‌ലർ പൂജ്യത്തിന് പുറത്തായിരുന്നു. ഈ സീസണിലും 3 അർദ്ധസെഞ്ചുറി ഉൾപ്പെടെ മിന്നും ഫോമിലായിരുന്നു അദ്ദേഹം. എങ്കിലും പേസർ മുഹമ്മദ് ഷമിയെ സ്കൂപ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ ക്ലീൻ ബോൾഡ് ആകുകയായിരുന്നു. എന്നിരുന്നാലും രാജസ്ഥാന്റെ ഫീൽഡിംഗ് സമയത്തുള്ള അദ്ദേഹത്തിന്റെ ഒരു പറക്കും ക്യാച്ച് ശ്രമം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

ചഹാൽ എറിഞ്ഞ പതിനഞ്ചാം ഓവറിന്റെ മൂന്നാം പന്തിൽ ഡേവിഡ് മില്ലർ ലോങ് ഓണിലേക്ക് ഉയർത്തിയടിച്ച പന്ത് പിടിച്ചെടുക്കാൻ ഓടിയെത്തിയ ജോസ്, ഒരു പറവയെപോലെ വായുവിൽ ഉയർന്നു ശ്രമം നടത്തിയെങ്കിലും അത് സിക്സ് ആയിമാറുകയാണ് ഉണ്ടായത്. കഴിഞ്ഞ മത്സരങ്ങളിൽ കൈവിരലിന്‌ പരുക്കേറ്റിരുന്ന അദ്ദേഹം ഫീൽഡിംഗ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. എങ്കിലും ഇന്നലെത്തെ അദ്ദേഹത്തിന്റെ പ്രകടനം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ഇതെങ്ങാനും കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നായി അത് മാറുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *