Categories
Uncategorized

19 മീറ്റർ ഓടി പിടിച്ചപ്പോൾ പിറന്നത് ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ച് ,ബൗണ്ടറി എന്ന് കരുതിയവർ ഷോക്കായ നിമിഷം :വീഡിയോ കാണാം

ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഹൈസ്കോറിംഗ് ത്രില്ലർ പോരാട്ടത്തിൽ, മുംബൈ ഇന്ത്യൻസ് 6 വിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ്, യശസ്വി ജേസ്വാളിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് നേടിയത്. മുംബൈ 19.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. തോറ്റെങ്കിലും 62 പന്തിൽ 124 റൺസെടുത്ത ജൈസ്വാളാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

രാജസ്ഥാൻ 200 റൺസിന് മുകളിൽ സ്കോർ കണ്ടെത്തിയ മത്സരങ്ങളിൽ, ഇതുവരെ ഒരിക്കൽപോലും എതിർടീമിനെ വിജയിക്കാൻ സമ്മതിച്ചിട്ടില്ല. എന്നാൽ മുംബൈ ആ ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു. 44 റൺസെടുത്ത ഗ്രീനിന്റെയും 55 റൺസെടുത്ത സൂര്യകുമാറിന്റെയും പോരാട്ടമികവിൽ വിജയലക്ഷ്യത്തിലേക്ക്‌ നീങ്ങിയ അവർ, ഒടുവിൽ പുറത്താകാതെ നിന്ന തിലക് വർമയുടെയും ടിം ഡേവിഡിന്‍റെയും മികവിൽ വിജയം നേടിയെടുത്തു. വർമ 21 പന്തിൽ 29 റൺസും ഡേവിഡ് 14 പന്തിൽ 45 റൺസും നേടി. ഹോൾഡർ എറിഞ്ഞ 17 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ, മൂന്ന് ഫുൾ ടോസ് പന്തുകളിലും സിക്സ് നേടിയാണ് ഡേവിഡ് മത്സരം ഫിനിഷ് ചെയ്തത്.

അതിനിടെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം സന്ദീപ് ശർമ എടുത്തൊരു ക്യാച്ചാണ്‌ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്‌. ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ച് ആയും, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായും ഇതിനെ വിലയിരുത്തുന്നു. മത്സരത്തിൽ തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്ത് മുംബൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു സൂര്യകുമാർ യാദവ്. ട്രെന്റ് ബോൾട്ട് എറിഞ്ഞ പതിനാറാം ഓവറിന്റെ നാലാം പന്തിൽ റാമ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ച സൂര്യക്ക്‌ ടൈമിംഗ് തെറ്റി. ഫൈൻലെഗ് ബൗണ്ടറിയിലേക്ക് ഉയർന്നുപോയ പന്ത്, മുപ്പതുവാര വൃത്തത്തിനുള്ളിൽ നിന്നും 19 മീറ്റർ പിന്നിലേക്കോടി സന്ദീപ് വായുവിൽ ഉയർന്നു കയ്യിലോതുക്കി. തുടർന്ന് വീഴ്ചയിലും തന്റെ ഇടത്തെ കയ്യിൽ പന്ത് ഭദ്രമായി പിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *