ഐപിഎല്ലിൽ ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് അഞ്ചുതവണ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് നായകൻ ഹാർദ്ധിക് പാണ്ഡ്യ മുംബൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.
നായകൻ രോഹിത് ശർമയും ഇഷൻ കിഷനും ചേർന്ന സഖ്യം ഒന്നാം വിക്കറ്റിൽ 6 ഓവറിൽ 61 റൺസ് കൂട്ടിച്ചേർത്ത് മുംബൈയ്ക്ക് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 31 റൺസെടുത്ത കിഷനെയും 29 റൺസെടുത്ത രോഹിത് ശർമ്മയെയും ഒരോവറിൽതന്നെ പുറത്താക്കിയ റാഷിദ് ഖാൻ ഗുജറാത്തിന് ബ്രേക്ക്ത്രൂ നൽകി. തുടർന്നെത്തി 7 പന്തിൽ നിന്നും 15 റൺസെടുത്ത നേഹാൽ വാദേരയെയും റാഷിദ് തന്നെ മടക്കി.
എങ്കിലും പിന്നീട് ഒത്തുചേർന്ന സൂര്യകുമാർ യാദവും മലയാളി താരം വിഷ്ണു വിനോദും ഗുജറാത്ത് ബോളർമാരെ കടന്നാക്രമിച്ചു കളിക്കുകയായിരുന്നു. ഗുജറാത്ത് നിരയിലെ ഏറ്റവും വേഗമേറിയ പേസർ അൽസാരി ജോസെഫിനെ സിക്സ് അടിച്ചായിരുന്നു വിഷ്ണുവിന്റെ തുടക്കം. പിന്നീട് മുഹമ്മദ് ഷമി എറിഞ്ഞ പതിമൂന്നാം ഓവറിൽ വിഷ്ണു വിനോദ് വിശ്വരൂപം പൂണ്ടു. രണ്ടാം പന്തിൽ പുൾ ഷോട്ട് കളിച്ച് ബൗണ്ടറി നേടിയ അദ്ദേഹം മൂന്നാം പന്തിൽ കവറിനു മുകളിലൂടെ ഒരു ബുള്ളറ്റ് സിക്സും നേടി, മുംബൈ ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചു.