സ്വന്തം ഹോംഗ്രൗണ്ടിൽ സൂര്യകുമാർ യാദവ് കന്നി ഐപിഎൽ സെഞ്ചുറിയുമായി അഴിഞ്ഞാടിയപ്പോൾ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈയ്ക്ക് കൂറ്റൻ സ്കോർ. വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് നേടിയത്. 49 പന്ത് നേരിട്ട സൂര്യ 11 ഫോറും 6 സിക്സും അടക്കം 103 റൺസോടെ പുറത്താകാതെ നിന്നു.
പവർപ്ലെയിലെ ആറോവറിൽ 61 റൺസ് കൂട്ടിച്ചേർത്ത് രോഹിത് – കിഷൻ സഖ്യം അവർക്ക് മികച്ച തുടക്കം നൽകി. എങ്കിലും ഇരുവരും റാഷിദ് ഖാൻ എറിഞ്ഞ ഏഴാം ഓവറിൽ പുറത്തായി. തുടർന്ന് എത്തിയ നേഹാൽ വദേരയെ തന്റെ അടുത്ത ഓവറിൽ റാഷിദ് തന്നെ മടക്കി. എങ്കിലും സൂര്യക്കൊപ്പം ചേർന്ന മുംബൈ ജേഴ്സിയിൽ തന്റെ കന്നിമത്സരം കളിക്കുന്ന മലയാളി താരം വിഷ്ണു വിനോദ്, നാലാം വിക്കറ്റിൽ 65 റൺസിന്റെ കൂട്ടുകെട്ടിൽ പങ്കാളിയായി. 20 പന്തിൽ രണ്ടു വീതം ഫോറും സിക്സുമായി 30 റൺസോടെ വിഷ്ണു മടങ്ങി.
അതിനുശേഷം സൂര്യകുമാർ യാദവ് തന്റെ കരിയറിലെ ആദ്യ ഐപിഎൽ സെഞ്ചുറിയിലേക്ക് കുതിച്ചു. പേരുകേട്ട ഗുജറാത്ത് ബോളിങ് നിരയെ കടന്നാക്രമിച്ച് ഗ്രൗണ്ടിന്റെ സകലഭാഗത്തേക്കും ഷോട്ടുകൾ പായിച്ച അദ്ദേഹം, വാങ്കഡെയിൽ തിങ്ങിനിറഞ്ഞ ആരാധകരെ ആവേശത്തിൽ ആറാടിച്ചു. 97 റൺസിൽ നിൽക്കെ ഇരുപതാം ഓവറിലെ അവസാന പന്തിൽ സിക്സ് നേടിയാണ് അദ്ദേഹം ആ നാഴികക്കല്ല് പിന്നിട്ടത്. ട്വന്റി ട്വന്റി ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമത് നിൽക്കുന്ന സൂര്യക്ക്, ഇതുവരെ നേടാൻ കഴിയാതിരുന്ന ഒന്നായിരുന്നു ഒരു ഐപിഎൽ സെഞ്ചുറി!