ഹൈദരാബാദിൽ ഇന്ന് ഉച്ചകഴിഞ്ഞു നടന്ന മത്സരത്തിൽ 7 വിക്കറ്റിന് വിജയിച്ച ലഖ്നൗ സൂപ്പർ ജയന്റ്‌സ്, പോയിന്റ് പട്ടികയിൽ നാലാമതെത്തി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ്, നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്. ക്ലാസൻ 47 റൺസും അബ്ദുൽ സമദ് പുറത്താകാതെ 37 റൺസും എടുത്തു. മറുപടി ബാറ്റിങ്ങിൽ ലഖ്നൗ 19.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.
64 റൺസോടെ പുറത്താകാതെ നിന്ന പ്രേരക് മങ്കാദ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 25 പന്തിൽ 40 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസ്, 13 പന്തിൽ നിന്നും പുറത്താകാതെ 44 റൺസ് നേടിയ നിക്കോളാസ് പുറൻ എന്നിവരും ലഖ്നൗവിന്റെ വിജയം അനായാസമാക്കി. ഓപ്പണർ ക്വിന്റൻ ഡി കോക്ക് 19 പന്തിൽ 29 റൺസും നേടിയിരുന്നു. ഇരു ടീമുകൾക്കും തുല്യ ജയസാധ്യത ഉണ്ടായിരുന്ന ഘട്ടത്തിൽനിന്നും മത്സരം ലഖ്നൗവിന് അനുകൂലമാക്കിയത് അഭിഷേക് ശർമ എറിഞ്ഞ പതിനാറാം ഓവർ ആയിരുന്നു.
മത്സരത്തിൽ അവസാന 30 പന്തിൽ 69 റൺസായിരുന്നു അവർക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. സ്ട്രൈക്കിൽ ഉണ്ടായിരുന്നത് സ്‌റ്റോയിനിസ്. ആദ്യ പന്തിൽ ഫുൾടോസ് സിക്സ് പോയി. അടുത്ത പന്തിൽ വൈഡ്, രണ്ടാം പന്തിൽ വീണ്ടുമൊരു സിക്സ്. മൂന്നാം പന്തിലും സിക്സ് അടിക്കാൻ ശ്രമിച്ച അദ്ദേഹത്തിന് പിഴച്ചു; ബൗണ്ടറിലൈനിൽ അബ്ദുൽ സമദ് ക്യാച്ച് എടുത്തു. പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയ നിക്കോളാസ് പുറൻ, അവസാന മൂന്ന് പന്തും ഗാലറിയിൽ എത്തിക്കുകയായിരുന്നു. അതോടെ അവസാന 24 പന്തിൽ നിന്നും 38 റൺസ് മാത്രമായി വിജയലക്ഷ്യം ചുരുങ്ങി.