ഐപിഎൽ പ്ലേഓഫ് പ്രതീക്ഷകളുമായി ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നത് രണ്ട് റോയൽ ടീമുകൾ; രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവും. രാജസ്ഥാന്റെ ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽവെച്ചാണ് മത്സരം നടക്കുന്നത്. ഇന്ന് മത്സരത്തിൽ ടോസ് നേടിയ ബംഗളൂരു നായകൻ ഫാഫ് ഡു പ്ലെസ്സി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹസരംഗയ്ക്കും ഹെയ്‌സെൽവുഡിനും പകരം ബ്രൈസ്വെല്ലും പാർണലും ബംഗളൂരു നിരയിൽ ഇടംപിടിച്ചു. രാജസ്ഥാൻ നിരയിൽ പേസർ ട്രെന്റ് ബോൾട്ടിന് പകരം സ്പിന്നർ ആദം സാമ്പയും ഇടംനേടി.
പതിഞ്ഞ താളത്തിൽ ആയിരുന്നു അവരുടെ തുടക്കം. വേഗം കുറഞ്ഞ പിച്ചിൽ അനായാസം ബൗണ്ടറി കണ്ടെത്താൻ ബുദ്ധിമുട്ടാണ്. വിരാട് കോഹ്‌ലിയും ഡു പ്ലെസിയും സിംഗിളുകൾ എടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുകയായിരുന്നു. പവർപ്ലെയിൽ ആറോവറിൽ 42 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. സന്ദീപ് ശർമ എറിഞ്ഞ രണ്ടോവർ ഒഴികെ ബാക്കി നലോവറും സ്പിന്നർമാരാണ് എറിഞ്ഞത്.
ഏഴാം ഓവറിൽ പന്തെറിയാൻ എത്തിയത് മലയാളി പേസർ കെ എം ആസിഫ്. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ 3 ഓവറിൽ 27 റൺസ് മാത്രം വിട്ടുകൊടുത്ത് അപകടകാരിയായ ആന്ദ്രേ റസ്സലിനെ പുറത്താക്കി മികച്ച ബോളിങ് കാഴ്ചവെച്ച ആസിഫിന് ഇന്നും അവസരം ലഭിച്ചു. തന്റെ ആദ്യ ഓവറിൽതന്നെ അവസാന പന്തിൽ ഇന്ത്യൻ ഇതിഹാസതാരമായ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയാണ്, ആസിഫ് ടീം മാനേജ്മെന്റ് തന്നിൽ അർപ്പിച്ച വിശ്വാസം കാത്തത്.
ആസിഫിന്റെ ‘നക്കിൾ ബോൾ’ മനസ്സിലാക്കാതെ ക്രീസിൽ നിന്നും മുന്നോട്ട് കയറിവന്ന് വേഗത്തിൽ ബാറ്റ് വീശിയ കോഹ്‌ലിയ്‌ക്ക് പിഴച്ചു. പന്ത് അൽപം സമയമെടുത്താണ് ബാറ്റിലേക്ക് വന്നത്. അതോടെ വായുവിൽ ഉയർന്ന പന്ത്, എക്സ്ട്രാ കവറിൽ നിന്നിരുന്ന ജെയ്സ്വാൾ തന്റെ വലതുവശത്തേക്ക് ഓടി കൈപ്പിടിയിൽ ഒതുക്കി. ആസിഫിന്റെ ഐപിഎൽ കരിയറിലെ സ്വപ്നവിക്കറ്റുകളിൽ ഒന്ന് നേടാനായതിന്റെ സന്തോഷം കാണാമായിരുന്നു. 19 പന്തിൽ 18 റൺസുമായി കോഹ്‌ലി മടങ്ങി.