Categories
Uncategorized

അനുക്കുട്ടന്റെ ധോണിസ്റ്റൈൽ റൺഔട്ട്; ഡയമണ്ട് ഡക്കായി അശ്വിൻ.. വീഡിയോ കാണാം

ഈ സീസണിൽ തങ്ങളുടെ സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്ന അവസാന മത്സരത്തിൽ നാണംകെട്ട തോൽവിയോടെ രാജസ്ഥാന് ജയ്പൂരിൽ നിന്ന് മടക്കം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട്‌ 112 റൺസിനാണ്‌ അവർ അടിയറവ് പറഞ്ഞത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരു നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടിയപ്പോൾ, രാജസ്ഥാൻ 10.3 ഓവറിൽ വെറും 59 റൺസിൽ ഓൾഔട്ടായി. ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും മോശം ടീം ടോട്ടലാണ്‌ ഇത്.

ആദ്യ ബാറ്റിങ്ങിൽ അർദ്ധസെഞ്ചുറികൾ നേടിയ നായകൻ ഡു പ്ലസ്സിയുടെയും മക്സ്വെല്ലിന്റെയും മികവിൽ മുന്നേറിയ ബംഗളൂരുവിന്, അവസാന ഓവറുകളിൽ ആഞ്ഞടിച്ച വിക്കറ്റ് കീപ്പർ അനൂജ്‌ റാവത്തിന്റെ ഇന്നിങ്സും കരുത്തായി. 11 പന്തിൽ 3 ഫോറും 2 സിക്സുമടക്കം 29 റൺസോടെ പുറത്താകാതെ നിന്നു അദ്ദേഹം. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ താരങ്ങൾ, ഒന്നിനു പിറകെ ഒന്നായി ഡഗ് ഔട്ടിലേക്ക് മടങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

ഓപ്പണർമാരായ ബട്ട്‌ലറും ജെയ്സ്‌വാളും പൂജ്യത്തിന് പുറത്തായി. 19 പന്തിൽ 35 റൺസെടുത്ത ഹെറ്റ്മേയർ പൊരുതിനോക്കിയെങ്കിലും പിന്തുണ നൽകാൻ ആരും ഉണ്ടായില്ല. ബംഗളൂരുവിനായി പന്തെടുത്ത എല്ലാവരും വിക്കറ്റ് നേടിയിരുന്നു. മൂന്നോവറിൽ വെറും 10 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഇടംകൈയ്യൻ പേസർ വെയ്ൻ പാർണൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

അതിനിടെ മത്സരത്തിൽ വിക്കറ്റ് കീപ്പർ അനൂജ് റാവത്ത് അശ്വിനെ പുറത്താക്കാൻ കാഴ്ച്ചവെച്ച റൺഔട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. കരൺ ശർമ എറിഞ്ഞ എട്ടാം ഓവറിന്റെ അവസാന പന്തിൽ ഓഫ്സൈഡ് ബൗണ്ടറിയിലേക്ക് കളിച്ച ഹെറ്റ്മേയർ, ആദ്യം ഡബിൾ ഓടാൻ തുടങ്ങിയെങ്കിലും പിന്നീട് മനസ്സുമാറ്റി അശ്വിനെ മടക്കിയയച്ചു. സ്റ്റമ്പിന് പുറംതിരിഞ്ഞ് നിൽക്കുകയായിരുന്നു അനൂജ്. സിറാജിന്റെ ഡയറക്ട്ത്രോ കൈക്കലാക്കി അതേ വേഗത്തിൽ തന്റെ കാലുകൾക്കിടയിലൂടെ ധോണി സ്റ്റൈലിൽ, അദ്ദേഹം കൃത്യമായി വിക്കറ്റിൽ കൊള്ളിക്കുന്ന കാഴ്ച്ചകണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

Leave a Reply

Your email address will not be published. Required fields are marked *