ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ ചെപ്പോക്കിൽ ചെന്നൈയെ 6 വിക്കറ്റിന് കീഴടക്കി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേഓഫിന്റെ നേരിയ പ്രതീക്ഷ നിലനിർത്തി. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റിന് 144 റൺസിൽ ഒതുക്കിയ കൊൽക്കത്ത, 18.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ചെന്നൈ നിരയിൽ 34 പന്തിൽ 48 റൺസെടുത്ത ശിവം ദുബേ ടോപ് സ്കോററായപ്പോൾ, നാലാം വിക്കറ്റിൽ 99 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച റിങ്കു സിംഗിന്റെയും(54) നായകൻ നിതീഷ് റാണയുടെയും(57*) മികവിലാണ് അവർ അനായാസം വിജയത്തിലേക്ക് എത്തിയത്.
ചെന്നൈയിലെ ആർത്തിരമ്പിനിന്ന കാണികൾക്ക് മുന്നിൽ രണ്ടേ രണ്ട് പന്ത് നേരിടാൻ മാത്രമായാണ് നായകൻ ധോണി ഇന്ന് കളത്തിലിറങ്ങിയത്. അതിലൊന്ന് ക്ലീൻബോൾഡ് ആകുകയും ചെയ്തു. എങ്കിലും ഫ്രീഹിറ്റ് പന്ത് ആയിരുന്നതുകൊണ്ട് പുറത്താകാതെ രക്ഷപ്പെട്ടു. വൈഭവ് അറോറ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിൽ ജഡേജ പുറത്തായതോടെയാണ് ധോണി ക്രീസിൽ എത്തുന്നത്. ധോണിയുടെ ബാറ്റിൽ നിന്നും ഒരു ബൗണ്ടറിയെങ്കിലും പ്രതീക്ഷിച്ച് ആർപ്പുവിളികളുമായി നിൽക്കുകയായിരുന്നു ചെന്നൈ ആരാധകർ.
നേരിട്ട ആദ്യ പന്ത് വൈഡ്, അടുത്ത പന്ത് ഓഫ്സൈഡ് യോർക്കർ, ധോണിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എങ്കിലും അതൊരു മുൻ കാൽ നോബോൾ ആയിരുന്നു. അതോടെ ഫ്രീഹിറ്റ് പന്തിൽ ധോണിയുടെ സിക്‌സിനായി കാണികൾ വിസിലടികൾ മുഴക്കി. എങ്കിലും അവരെയെല്ലാം നിരാശരാക്കി അദ്ദേഹം ക്ലീൻബോൾഡാകുകയാണ് ഉണ്ടായത്. ഫ്രീഹിറ്റ് ആയിരുന്നത് കൊണ്ട് വിക്കറ്റ് പരിഗണിച്ചില്ല. തുടർന്ന് അവസാന പന്തിൽ ലോങ് ഓണിലേക്ക് കളിച്ച് ഡബിൾ ഓടി ഇന്നിങ്സ് അവസാനിപ്പിച്ചു മടങ്ങി.