ഇന്നലെ രാത്രി ചെപ്പോക്കിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ കൊൽക്കത്തയോട് ആറ് വിക്കറ്റിന്റെ പരാജയം ചെന്നൈ ഏറ്റുവാങ്ങിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത അവർക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 34 പന്തിൽ 48 റൺസെടുത്ത ശിവം ദുബേ ടോപ് സ്കോററായി. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത 18.3 ഓവറിൽ വെറും 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 57 റൺസോടെ പുറത്താകാതെ നിന്ന നായകൻ നിതീഷ് റാണയും, 54 റൺസെടുത്ത കളിയിലെ താരമായ റിങ്കു സിംഗും ചേർന്ന് അവരെ വിജയത്തിൽ എത്തിച്ചു.
മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ചെന്നൈ ഫാൻസിന് ഒരിക്കലും മറക്കാനാകാത്ത ഓർമകളാണ് ഇന്നലത്തെ രാത്രി സമ്മാനിച്ചത്. ചെന്നൈയുടെ ഈ സീസണിലെ ഹോംഗ്രൗണ്ടിലെ അവസാന ലീഗ് മത്സരമായിരുന്നു ഇന്നലെ നടന്നത്. 15 പോയിന്റുമായി പട്ടികയിൽ രണ്ടാമത് നിൽക്കുന്ന ചെന്നൈ, പ്ലേഓഫിൽ എത്താനുള്ള സാധ്യതയുമുണ്ട്. അങ്ങനെ വന്നാൽ ഒരിക്കൽകൂടി അവർ ചെന്നൈയിൽ കളിക്കാനെത്തും. കാരണം, പ്ലേഓഫിലെ ക്വാളിഫയർ മത്സരവും എലിമിനേറ്റർ മത്സരവും നടക്കുന്നത് ചെന്നൈയിലാണ്.
ഇന്നലെ മത്സരം കഴിഞ്ഞ് ചെന്നൈ ആരാധകരുടെ പ്രിയപ്പെട്ട ‘തല’ ധോണിയുടെ നേതൃത്വത്തിൽ ടീമംഗങ്ങളും കോച്ചിംഗ് സ്റ്റാഫും എല്ലാം ചേർന്ന് ഗ്രൗണ്ടിന് ചുറ്റും വലംവച്ചുകൊണ്ട് കാണികളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി അറിയിച്ചിരുന്നു. ധോണിയും സഹതാരങ്ങളും ചേർന്ന് ചെന്നൈയുടെ ഒരുപാട് ജേഴ്സികൾ കാണികൾക്ക് എറിഞ്ഞുകൊടുക്കുന്ന കാഴ്ചയും കാണാൻ സാധിച്ചു. കയ്യിൽ ഒരു ടെന്നിസ് റാക്കറ്റ് പിടിച്ചിരുന്ന ധോണി നിറയെ പന്തുകളും ഗാലറിയിലേക്ക് അടിച്ചു കൊടുത്തുകൊണ്ടിരുന്നു.
ഗ്രൗണ്ട് സ്റ്റാഫും ക്യാമറമാൻമാരും ധോണിയുടെ ഒപ്പംനിന്നു ചിത്രമെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും മത്സരിച്ചു. സുരക്ഷഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരും ധോണിയ്ക്ക് ഷൈക്ക് ഹാൻഡ് നൽകാനും ഓട്ടോഗ്രാഫ് വാങ്ങാനും കാത്തുനിന്നു. മത്സരം അവസാനിച്ചിട്ടും ഒരു ചെന്നൈ ആരാധകനും സ്റ്റേഡിയംവിട്ട് പോയിരുന്നില്ല. ധോണി തങ്ങളുടെ അടുത്തേക്ക് വരുന്ന നിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ എല്ലാവരും തയ്യാറെടുത്തു നിൽക്കുകയായിരുന്നു. അതിനിടെ മുൻ ഇന്ത്യൻ താരവും ഇന്നലെ കമന്ററി പാനലിൽ ഉൾപ്പെടുകയും ചെയ്‌തിരുന്ന സുനിൽ ഗാവസ്കർ വരെ, തന്റെ ഷർട്ടിന്റെ പോക്കറ്റിന് സമീപം ധോണിയെക്കൊണ്ട് ഒപ്പു വാങ്ങിപ്പിക്കുന്നതും ശ്രദ്ധേയമായി.