ഇന്നലെ ലഖ്നൗ ഏകനാ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 5 റൺസിന് കീഴടക്കിയ ലഖ്നൗ, പ്ലേഓഫിലേക്ക് ഒരുപടികൂടി അടുത്തുകഴിഞ്ഞിരിക്കുകയാണ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയത്. മുംബൈയുടെ ഇന്നിങ്സ് 172/5 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. ഓപ്പണർമാരായ ഇഷാൻ കിഷനും(59) രോഹിത് ശർമയും(37) ചേർന്ന് 9.4 ഓവറിൽ 90 റൺസ് നേടി മികച്ച തുടക്കമാണ് നൽകിയത്. എങ്കിലും പിന്നീടെത്തിയ താരങ്ങളെല്ലാം നിരാശപ്പെടുത്തി. 19 പന്തിൽ 32 റൺസുമായി ടിം ഡേവിഡ് പൊരുതിനോക്കിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല.
നേരത്തെ ആദ്യ ബാറ്റിങ്ങിൽ 6.1 ഓവറിൽ 35/3 എന്ന നിലയിൽ പതറിയ ലഖ്നൗവിന് ജീവൻ നൽകിയത്, നായകൻ ക്രുനാൽ പാണ്ഡ്യയും മാർക്കസ് സ്റ്റോയിനിസും ചേർന്ന കൂട്ടുകെട്ടാണ്. 42 പന്തിൽ 49 റൺസെടുത്ത പാണ്ഡ്യ, റിട്ടയേർഡ് ഹേർട്ടായി മടങ്ങുകയായിരുന്നു. അവസാന ഓവറുകളിൽ പേസർമാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ച സ്റ്റോയിനിസ് 47 പന്തിൽ 89 റൺസുമായി പുറത്താകാതെ നിന്നു. നികോളാസ് പൂരാൻ 8 റൺസ് എടുത്തു. സ്റ്റോയിനിസ് തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
മത്സരത്തിൽ ലഖ്നൗവിന് ആവേശവിജയം ഒരുക്കിയത് അവസാന ഓവറിൽ മുംബൈയ്ക്ക് ജയിക്കാൻ 11 റൺസ് വേണ്ടപ്പോൾ, പന്തെറിയാൻ എത്തിയ ഇടംകൈയ്യൻ പേസർ മൊഹ്സിൻ ഖാനായിരുന്നു. പത്തൊമ്പതാം ഓവറിൽ രണ്ട് സിക്സടിച്ച് മികച്ച ഫോമിൽ നിൽക്കുന്ന ടിം ഡേവിഡും മറ്റൊരു ബിഗ് ഹിറ്റിങ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ക്രീസിൽ. ആദ്യ പന്തിൽ ഗ്രീൻ അടിച്ചത് നേരെ മോഹ്സിന്റെ കയ്യിലേക്ക്. രണ്ടാം പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് സിംഗിൾ. മൂന്നാം പന്തിൽ ഡേവിഡും സിംഗിൾ മാത്രം നേടി. നാലാം പന്തിൽ മികച്ചൊരു യോർക്കർ, ഗ്രീനിന് ബാറ്റിൽ കൊള്ളിക്കാൻ കഴിഞ്ഞില്ല.
അഞ്ചാം പന്തിൽ ഓഫ് സ്റ്റമ്പിന് വെളിയിൽ മറ്റൊരു യോർക്കർ, സിംഗിൾ മാത്രം. 8 റൺസ് വേണ്ട അവസാന പന്തിൽ ടിം ഡേവിഡ് നേടിയത് ഡബിൾ. അതോടെ ലഖ്നൗവിന് 5 റൺസ് വിജയം. ഐപിഎല്ലിൽ ഇതുവരെ ലഖ്നൗവിനെ തോൽപ്പിക്കാൻ കഴിയാത്ത മുംബൈയുടെ മോശം റെക്കോർഡ് ഇനിയും തുടരും. കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും നായകൻ രാഹുലിന്റെ സെഞ്ചുറികളുടെ മികവിൽ അവർ മുംബൈയെ കീഴടക്കിയിരുന്നു.