ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്നത്തെ ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് കൂറ്റൻ സ്കോർ. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അവർ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 223 റൺസാണ് നേടിയത്. ഇന്ന് വിജയിക്കുകയാണെങ്കിൽ ചെന്നൈയ്‌ക്ക് പ്ലേഓഫിലേക്ക് മുന്നേറാം. അഥവാ പരാജയപ്പെട്ടാൽ, മറ്റ് ടീമുകളുടെ കൂടെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും ചെന്നൈയുടെ സാധ്യതകൾ.
പതിവുപോലെ ഓപ്പണർമാരായ കൊൺവെയും ഋതുരാജും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് അവർക്ക് സമ്മാനിച്ചത്. ഓവറിൽ 10 റൺസ് ശരാശരിക്ക് മുകളിൽ ബാറ്റ് ചെയ്ത ഇരുവരും, ഡൽഹി ബോളർമാരെ തലങ്ങും വിലങ്ങുമായി പ്രഹരിച്ചു. ചേതൻ സകരിയ എറിഞ്ഞ പതിനഞ്ചാം ഓവറിന്റെ മൂന്നാം പന്തിലാണ് ആദ്യ വിക്കറ്റ് വീഴുന്നത്. 50 പന്തിൽ 79 റൺസെടുത്ത ഋതുരാജാണ് പുറത്തായത്. പിന്നീടെത്തിയ ശിവം ദുബേ അതിവേഗം 9 പന്തിൽ 22 റൺസ് എടുത്തു പുറത്തായി. 87 റൺസെടുത്ത കോൺവെയും അതേ സ്കോറിൽ മടങ്ങി. 7 പന്തിൽ 20 റൺസെടുത്ത ജഡേജയും 4 പന്തിൽ 5 റൺസെടുത്ത ധോണിയും പുറത്താകാതെ നിന്നു.
അതിനിടെ മത്സരത്തിന് മുൻപ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുന്നത്. ഡൽഹിയിലെ ബഹദൂർ ഷാ സഫർ മാർഗിലൂടെ, ചെന്നൈയുടെ ടീം ബസ് സ്റ്റേഡിയത്തിലേക്ക് അടുക്കുമ്പോൾ, മഞ്ഞ ജേഴ്സി ധരിച്ച ആരാധകരുടെ തള്ളിക്കയറ്റത്തിൽ ഗതാഗതം തടസപ്പെടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. എല്ലാവരുടെയും പ്രിയപ്പെട്ട തല ധോണിയെ ഒരുനോക്ക് കാണാനും ചിത്രമെടുക്കാനും വഴിനീളെ ആരാധകർ തിരക്കുകൂട്ടി. ഏറെ പണിപ്പെട്ടാണ് ടീം ബസുകൾക്ക് അതുവഴി കടന്നുപോകാൻ കഴിഞ്ഞത്.