ഐപിഎല്ലിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 77 റൺസിന് തോൽപ്പിച്ച്, ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേഓഫ് ഉറപ്പാക്കിയിരുന്നു. ഡൽഹിയിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, നിശ്ചിത 20 ഓവറിൽ 223/3 എന്ന കൂറ്റൻ സ്കോറാണ് നേടിയത്. മറുപടിയായി ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 58 പന്തിൽ 86 റൺസോടെ നായകൻ ഡേവിഡ് വാർണർ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും, മറുവശത്ത് പിന്തുണ നൽകാൻ ആരുമുണ്ടായില്ല.
നേരത്തെ ആദ്യ ബാറ്റിങ്ങിൽ കളിയിലെ താരമായ ഋതുരാജ് ഗായക്വാദ്(50 പന്തിൽ 79), സഹഓപ്പണർ ഡെവോൺ കോൺവെ(52 പന്തിൽ 87) എന്നിവരുടെ മികവിൽ മികച്ച തുടക്കം കുറിച്ച ചെന്നൈ, ശിവം ദുബേ(9 പന്തിൽ 22), രവീന്ദ്ര ജഡേജ(7 പന്തിൽ 20) എന്നിവരുടെ മികച്ച ഫിനിഷിങ്ങിലൂടെ കൂറ്റൻ ടോട്ടൽ നേടുകയായിരുന്നു. നായകൻ മഹേന്ദ്രസിംഗ് ധോണി 4 പന്തിൽ 5 റൺസോടെ പുറത്താകാതെ നിന്നു.
അതിനിടെ ഏതാനും ദിവസങ്ങൾക്കുമുമ്പ് നടന്ന ഒരു സംഭവത്തിന്റെ പേരിൽ ധോണിക്ക് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ അവരുടെ ഈ സീസണിലെ അവസാന ഹോം മത്സരത്തിൽ കൊൽക്കത്തയോട് 6 വിക്കറ്റിന് തോറ്റശേഷം നടന്നതാണ് ഈ സംഭവം. സീസണിൽ ഉടനീളം തങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആരാധകരോട് നന്ദി അറിയിക്കാനായി ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ ടീം ഒന്നടങ്കം ഗ്രൗണ്ടിനുചുറ്റും വലംവച്ചിരുന്നു.
അതിനിടെ ധോണിയോട് മൈക്കുമായി സംസാരിക്കാനെത്തിയ സ്റ്റാർ സ്പോർട്സ് തമിഴ് ചാനലിന്റെ പ്രതിനിധിയെ ധോണി തട്ടിമാറ്റുന്ന വീഡിയോ വൈറലായിരുന്നു. ധോണി ചെയ്ത ഈ പ്രവർത്തി മോശമായിപ്പോയി എന്ന് ഒരുപാട് പേർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാലിപ്പോൾ പുറത്തുവന്നിരിക്കുന്ന മറ്റൊരു വീഡിയോയിൽ അതിനുശേഷം എന്താണ് നടന്നത് എന്ന് കാണാം. ഗാലറിയിലേക്ക് ചെന്നൈ ജേഴ്സികൾ എറിഞ്ഞു കൊടുത്തുകൊണ്ടിരുന്ന ധോണി, പിന്തിരിഞ്ഞ് ഇദ്ദേഹത്തിനും ഒരെണ്ണം എറിഞ്ഞു നൽകുന്നതാണ് വീഡിയോയിൽ. തന്റെ പ്രിയപ്പെട്ട താരത്തിന്റെ കയ്യിൽനിന്നും അത് ലഭിച്ചതിന്റെ സന്തോഷം അയാളിൽ കാണാം.