ഇന്നലെ ഡൽഹിയിൽ നടന്ന പോരാട്ടത്തിൽ 77 റൺസ് വിജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേഓഫിലേക്ക് മുന്നേറിയിരിക്കുകയാണ്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ വിജയിച്ച ലഖ്നൗ സൂപ്പർ ജയന്റ്സിനും 17 പോയിന്റ് ഉണ്ടെങ്കിലും, മികച്ച റൺറേറ്റ് അടിസ്ഥാനത്തിൽ ചെന്നൈ രണ്ടാമതെത്തി. ഇതോടെ ചൊവ്വാഴ്ച രാത്രി നടക്കുന്ന ഒന്നാം ക്വാളിഫയർ മത്സരത്തിൽ ചെന്നൈയും ഗുജറാത്തും ഏറ്റുമുട്ടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നതെന്ന ആനുകൂല്യം കൂടി അവർക്കുണ്ട്.
ഇന്നലെ നടന്ന പോരാട്ടത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, നിശ്ചിത 20 ഓവറിൽ 223/3 എന്ന കൂറ്റൻ സ്കോറാണ് നേടിയത്. കളിയിലെ താരമായ ഋതുരാജ് ഗായക്വാദ്(50 പന്തിൽ 79), സഹഓപ്പണർ ഡെവോൺ കോൺവെ(52 പന്തിൽ 87) എന്നിവരുടെ മികവിൽ മികച്ച തുടക്കം കുറിച്ച ചെന്നൈ, ശിവം ദുബേ(9 പന്തിൽ 22), രവീന്ദ്ര ജഡേജ(7 പന്തിൽ 20) എന്നിവരുടെ മികച്ച ഫിനിഷിങ്ങിലൂടെ കൂറ്റൻ ടോട്ടൽ നേടുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ 58 പന്തിൽ 86 റൺസെടുത്ത നായകൻ ഡേവിഡ് വാർണറിന് മാത്രമേ ചെന്നൈ ബോളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. അതോടെ അവരുടെ ഇന്നിങ്സ് 20 ഓവറിൽ 146/9 എന്ന നിലയിൽ അവസാനിച്ചു.
അതിനിടെ ചെന്നൈ ബോളിങ് സമയത്ത് നായകൻ മഹേന്ദ്ര സിംഗ് ധോണിയ്‌ക്ക് തന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന ഒരു നിമിഷമുണ്ടായി. ഡൽഹി ഇന്നിങ്സ് 14 ഓവറിൽ 110/5 എന്ന നിലയിൽ ഉള്ളപ്പോൾ സ്ട്രറ്റജിക് ടൈംഔട്ട് സമയത്താണ്, ധോണി അമ്പയർ ക്രിസ് ഗഫാനിയോട് കയർത്തു സംസാരിച്ചത്. പന്തിന്റെ അവസ്ഥ മോശമായതിനു പിന്നാലെ, അതുമാറ്റി വേറെ പന്ത് എടുക്കുന്നതിനെക്കുറിച്ചായിരുന്നു തർക്കം ഉടലെടുത്തത്. സാധാരണ അങ്ങനെ മറ്റൊരു പന്ത് എടുക്കുമ്പോൾ, മുൻപ് വേറെ മത്സരത്തിൽ ഉപയോഗിച്ച പഴയ പന്താണ് എടുക്കേണ്ടത്. എന്നാൽ ഇന്നലെ നല്ല പുത്തൻ പന്താണ് അമ്പയർ കൊണ്ടുവന്നത്. ഇത് ബാറ്റിംഗ് ടീമിന് അനായാസം റൺസ് നേടാൻ സഹായിക്കും എന്നതായിരുന്നു ധോണിയുടെ പരാതി.