പ്ലേഓഫ് മോഹങ്ങളുമായി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുജറാത്തിനെ നേരിട്ട റോയൽ ചലഞ്ചേഴ്സിന് സങ്കടത്തോടെ മടക്കം. വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയ്‌ക്ക് ശുഭ്മൻ ഗില്ലിന്റെ സെഞ്ചുറിയിലൂടെ മറുപടി നൽകിയ ഗുജറാത്ത് 20 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് മാർച്ച് ചെയ്തു. ഇതോടെ 16 പോയിന്റുള്ള മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനക്കാരായി പ്ലേഓഫിലെത്തി. തോൽവിയോടെ ബംഗളൂരു രാജസ്ഥാനും പിന്നിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബംഗളൂരുവിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 61 പന്തിൽ 101 റൺസോടെ പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെ മികവിൽ അവർ നിശ്ചിത 20 ഓവറിൽ 197/5 എന്ന ടോട്ടൽ കണ്ടെത്തി. ഏഴാം ഐപിഎൽ സെഞ്ചുറി നേടിയ അദ്ദേഹം, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമായി. മറുപടി ബാറ്റിങ്ങിൽ അർദ്ധസെഞ്ചുറി നേടിയ വിജയ് ശങ്കറിന്റെയും, സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഗില്ലിന്‍റെയും മികവിൽ 19.1 ഓവറിൽ അവർ വിജയലക്ഷ്യം മറികടന്നു.
52 പന്ത് നേരിട്ട ഗിൽ, 5 ഫോറും 8 സിക്സറും അടക്കം 104 റൺസോടെ പുറത്താകാതെ നിൽക്കുകയായിരുന്നു. 98 റൺസിൽ നിന്നിരുന്ന അദ്ദേഹം, അവസാന ഓവറിലെ ആദ്യ പന്തിൽ ഫ്രീഹിറ്റിൽ സിക്സ് നേടിയാണ് സെഞ്ചുറി നേട്ടം പൂർത്തിയാക്കിയതും ടീമിനെ വിജയത്തിൽ എത്തിച്ചതും. ഗിൽ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മത്സരത്തിലും ഗിൽ സെഞ്ചുറി നേടി കളിയിലെ താരമായി മാറിയിരുന്നു. ശിഖർ ധവാനും, ജോസ് ബട്ട്ലർക്കും ശേഷം തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ചുറിനേട്ടം കൈവരിച്ചതിന്റെ റെക്കോർഡിൽ ഇന്ന് വിരാട് കോഹ്‌ലിയ്‌ക്കൊപ്പം ഗില്ലും ഇടംപിടിച്ചു.
സെഞ്ചുറി സിക്സ് വീഡിയോ..