ഐപിഎൽ സീസണിലെ അവസാന ലീഗ് മത്സരത്തിൽ, ഇന്നലെ ബംഗളൂരുവിന്റെ വിജയത്തിനായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർപ്പുവിളിച്ച ആയിരക്കണക്കിന് ആരാധകരെ നിരാശരാക്കി, ഗുജറാത്ത് ടൈറ്റൻസ് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ജയിച്ചാൽ പ്ലേഓഫ് എന്ന ഒറ്റലക്ഷ്യവുമായി ഇറങ്ങിയ ബംഗളൂരു, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ടു. ഏഴാം ഐപിഎൽ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെ മികവിൽ അവർ നിശ്ചിത 20 ഓവറിൽ 197/5 എന്ന തരക്കേടില്ലാത്ത സ്കോർ കണ്ടെത്തി.
എന്നാൽ മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയിലൂടെ ഗുജറാത്ത് തിരിച്ചടിച്ചപ്പോൾ, ബംഗളൂരുവിന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. 19.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ അവർ വിജയലക്ഷ്യം മറികടന്നു. മൂന്നാമനായി ഇറങ്ങിയ വിജയ് ശങ്കർ അർദ്ധസെഞ്ചുറി പ്രകടനത്തോടെ ഗില്ലിന് മികച്ച കൂട്ടായി. ബംഗളൂരുവിന്റെ പരാജയത്തോടെ 16 പോയിന്റുളള മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് മുന്നേറി.
ഈ സീസൺ ഗില്ലിന്റെ ഏറ്റവും മികച്ച സീസൺ ആയാണ് വിലയിരുത്തപ്പെടുന്നത്. ഈ കലണ്ടർ വർഷത്തിൽ ടെസ്റ്റ് സെഞ്ച്വറിയും, ഏകദിനത്തിൽ ഇരട്ടസെഞ്ചുറിയും, അന്താരാഷ്ട്ര ട്വന്റി ട്വന്റിയിലും സെഞ്ചുറി നേടിയിരുന്ന ഗില്ലിന് ഐപിഎൽ സെഞ്ചുറി മാത്രം ഒഴിഞ്ഞുനിൽക്കുകയായിരുന്നു. ഒരുപാട് മത്സരങ്ങളിൽ തൊണ്ണൂറുകളിൽ അദ്ദേഹം പുറത്തായി. സീസണിന്റെ തുടക്കത്തിൽ അത്തരമൊരു മത്സരത്തിൽ സെഞ്ചുറി മിസ് ആയപ്പോൾ അദ്ദേഹം പറഞ്ഞൊരു വാചകമുണ്ടായിരുന്നു. ഇനിയും ഒരുപാട് മത്സരങ്ങൾ സീസണിൽ കിടക്കുകയല്ലെ, സെഞ്ചുറി നേടാൻ ഇനിയും സമയമുണ്ട് എന്ന്.
ലഖ്നൗ സൂപ്പർ ജയന്റ്‌സിനെതിരെ നടന്ന മത്സരത്തിൽ വീണ്ടും 94 റൺസിൽ നോട്ടൗട്ട്. എന്നാൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ഒടുവിൽ സെഞ്ചുറിനേട്ടം പൂർത്തിയാക്കി അദ്ദേഹം കളിയിലെ താരമായി. ഇന്നലെ വീണ്ടും ഒരിക്കൽകൂടി സെഞ്ചുറിയും കളിയിലെ താരവും. ധവാനും, ബട്ട്ലർക്കും, ഇന്നലെ കോഹ്‌ലിയ്‌ക്കും ശേഷം തുടർച്ചയായ മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരവുമായി ഗിൽ മാറി. ഇന്നലെ 52 പന്തിൽ നിന്നും 5 ഫോറും 8 സിക്‌സുമടക്കം 104 റൺസോടെ പുറത്താകാതെ നിൽക്കുകയായിരുന്നു അദ്ദേഹം.
സെഞ്ചുറി ഇന്നിങ്സ് വീഡിയോ..