ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റ് അതിന്റെ പതിനാറ് സീസണുകൾ പിന്നിടുമ്പോൾ, ഒരു ട്രോഫിയ്ക്കായുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കാത്തിരിപ്പ് ഇനിയും നീളും. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജയിച്ചാൽ പ്ലേഓഫിൽ കടക്കാമെന്ന അവരുടെ മോഹങ്ങളെ തട്ടിത്തെറിപ്പിച്ച്, ഗുജറാത്ത് ടൈറ്റൻസ് ആധികാരികവിജയം നേടിയിരുന്നു. ടേബിൾടോപ്പേഴ്സായി പ്ലേഓഫിൽ എത്തിയ അവർ, ചൊവ്വാഴ്ച നടക്കുന്ന ആദ്യ ക്വാളിഫയർ മത്സരത്തിൽ ചെന്നൈയെ നേരിടും.
ഇന്നലെ നടന്ന പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരു, വിരാട് കോഹ്‌ലിയുടെ ഏഴാം ഐപിഎൽ സെഞ്ചുറിയുടെ മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 197 റൺസാണ് നേടിയത്. ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ സെഞ്ചുറിയിലൂടെ തിരിച്ചടിച്ച ഗുജറാത്ത്, നാല് വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു. അർദ്ധസെഞ്ചുറി നേടിയ വിജയ് ശങ്കർ മികച്ച പിന്തുണ നൽകി. ഗിൽ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയിട്ടും തന്റെ ടീം മോശം ബോളിങ്ങിൽ പരാജയപ്പെടുന്നത് ഡഗ്ഔട്ടിൽ ഇരുന്ന വിരാട് കോഹ്‌ലി നിരാശയോടെയാണ് നോക്കിക്കണ്ടത്. ഫീൽഡിംഗ് സമയത്ത് ഒരു ക്യാച്ച് എടുക്കുന്നതിനിടയിൽ കാൽമുട്ടിനു പരുക്കേറ്റ അദ്ദേഹം, ശേഷിച്ച സമയം ഡഗ്ഔട്ടിൽ ഇരുന്നാണ് കളി കണ്ടത്. അവസാന ഓവറിൽ ആദ്യ പന്തിൽ ഫ്രീഹിറ്റ് ആകുകയും, അതിൽ സിക്സ് പറത്തി സെഞ്ചുറിനേട്ടവും ടീമിന്റെ വിജയവും ഗിൽ നേടിയെടുത്തു.
ദേഷ്യവും സങ്കടവും ഒന്നിച്ചുവന്ന ആ നിമിഷത്തിൽ വിരാട് കോഹ്‌ലിയ്‌ക്ക് തന്റെ ശാന്തത നഷ്ടപ്പെടുന്നത് കാണാൻ കഴിഞ്ഞു. തന്റെ കയ്യിലിരുന്ന വെള്ളംകുപ്പി താഴേക്ക് വലിച്ചെറിഞ്ഞാണ് കോഹ്‌ലി അരിശം തീർത്തത്. കണ്ണുകൾ ദുഃഖഭാരത്താൽ കലങ്ങിയിരിക്കുന്നതും കാണാമായിരുന്നു. എങ്കിലും ഇതൊക്കെ അല്പസമയത്തേക്ക് മാത്രമേ ഉണ്ടായുള്ളൂ. അതുകഴിഞ്ഞ് തലയുയർത്തി മൈതാനത്തിലേക്ക് ഇറങ്ങിയ കോഹ്‌ലി, ഗുജറാത്ത് താരങ്ങളെ അഭിനന്ദിക്കുകയും ചിന്നസ്വാമിയിലെ കാണികൾക്ക് നന്ദി പറയുകയും ചെയ്തു.