Categories
Uncategorized

യുവതാരം മിസ്ഫീൽഡ്‌ ചെയ്തപ്പോൾ ശ്വാസമെടുത്ത് കൂളായി നിൽക്കാൻ ധോണി; ശേഷം ചെക്കന്റെ കിടിലൻ റൺഔട്ട്.. വീഡിയോ കാണാം

ഇന്നലെ ചെന്നൈയിൽ നടന്ന ഐപിഎൽ പ്ലേഓഫിലെ ആദ്യ ക്വാളിഫയറിൽ, 15 റൺസിന് ഗുജറാത്തിനെ പിന്തള്ളി ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിലേക്ക് യോഗ്യത നേടി. പതിനാറ് സീസണുകളിൽ ചെന്നൈയുടെ പത്താം ഫൈനലാണിത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്, ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായാണ് പ്ലേഓഫിലേക്ക് എത്തിയത്. ഇന്ന് നടക്കുന്ന മുംബൈ – ലഖ്നൗ എലിമിനെറ്റർ മത്സരത്തിലെ വിജയികളെ, രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഏറ്റുമുട്ടുന്ന ഗുജറാത്തിന് ഫൈനലിൽ എത്താൻ ഒരവസരം കൂടിയുണ്ട്.

ഇന്നലെ ടോസ് നേടിയ ഗുജറാത്ത്, ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണർമാരായ ഋതുരജിന്റെയും(60) കോൺവെയുടെയും(40) മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് അവർ നേടിയത്. മറുപടി ബാറ്റിങ്ങിൽ ചെന്നൈയുടെ കൃത്യതയാർന്ന ബോളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഗുജറാത്ത് 20 ഓവറിൽ 157 റൺസിൽ ഓൾഔട്ടായി. 42 റൺസെടുത്ത ഓപ്പണർ ഗില്ലും 30 റൺസെടുത്ത റാഷിദ് ഖാനും മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്.

മത്സരത്തിൽ ചെന്നൈ നായകൻ ധോണിയുടെ പല തീരുമാനങ്ങളും അവരുടെ വിജയത്തിൽ നിർണായകമായിരുന്നു. മാത്രമല്ല, ടീമിലെ യുവതാരങ്ങൾക്ക് അദ്ദേഹം നൽകുന്ന പരിഗണനയും, പിന്തുണയും, സ്നേഹത്തോടെയുള്ള ഉപദേശങ്ങളും, എങ്ങനെയാണ് ഒരു താരത്തെ സ്വാധീനിക്കുന്നതെന്ന് ഇന്നലത്തെ മത്സരത്തിൽ നടന്ന ഒരു നിമിഷത്തിലൂടെ കാണാൻ സാധിക്കും. പേസർ മതീഷ പതിറാന എറിഞ്ഞ പതിനെട്ടാം ഓവറിൽ ആയിരുന്നു സംഭവം.

ഓവറിലെ മൂന്നാം പന്തിൽ വിജയ് ശങ്കർ പുറത്തായതോടെ എത്തിയത് ഈ സീസണിലെ ആദ്യ മത്സരം കളിക്കുന്ന പേസർ ദർശൻ നൽകണ്ടെ. നേരിട്ട ആദ്യ പന്തിൽതന്നെ മിഡ് ഒഫിലേക്ക്‌ തട്ടിയിട്ട അദ്ദേഹം സിംഗിൾ എടുക്കാൻ ഓടിയെങ്കിലും, സബ്സ്റ്റിറ്റ്യൂട്ട് താരമായി ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ശുഭ്രാൻഷു സേനാപതിയുടെ കിടിലൻ ഡയറക്ട് ത്രോയിൽ റൺഔട്ടായി മടങ്ങി.

നേരത്തെ ഓവറിലെ രണ്ടാം പന്തിൽ റാഷിദ് ഖാൻ മിഡ് ഓഫിലേക്കു അടിച്ച സമയത്ത്, നേരെ കയ്യിലേക്കു വന്ന പന്ത്, സേനപതിയുടെ മിസ്ഫീൽഡിൽ സിംഗിൾ പോയിരുന്നു. അന്നേരം താരത്തിനോട് ദേഷ്യം പ്രകടിപ്പിക്കാതെ നായകൻ ധോണി, ടെൻഷൻ അടിക്കേണ്ട, കൂളായിനിന്ന് ഒന്ന് ദീർഘനിശ്വാസം എടുത്ത് കളിയിൽ ശ്രദ്ധിക്കാൻ നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് നാലാം പന്തിൽ താരത്തിന്റെ കിടിലൻ ഏറും റൺഔട്ടും. സീസണിൽ ഇതുവരെ കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും നിർണായകസമയത്ത് അത്തരമൊരു പുറത്താക്കൽ നടത്താൻ കഴിഞ്ഞതിൽ അദ്ദേഹത്തിന് അഭിമാനിക്കാം.

Leave a Reply

Your email address will not be published. Required fields are marked *