ചെന്നൈയ്ക്കായി ആർപ്പുവിളിച്ച ആയിരക്കണക്കിന് ആരാധകരെ ആവേശത്തിന്റെ പരകോടിയിൽ എത്തിച്ച മത്സരത്തിൽ ഗുജറാത്തിനെ 15 റൺസിന് കീഴടക്കി, ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ പത്താം ഐപിഎൽ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. 4 കിരീടങ്ങൾ നേടിയിട്ടുള്ള അവർക്ക്, ഒരെണ്ണം കൂടി നേടിയാൽ മുംബൈയുടെ അഞ്ചെണ്ണത്തിന്റെ റെക്കോർഡിനൊപ്പമെത്താം. ലീഗ് സ്റ്റേജിലെ ഒന്നാം സ്ഥാനക്കാരെന്ന ഗമയോടെ ഒന്നാം ക്വാളിഫയർ കളിക്കാൻ എത്തിയ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത്, നിർണായക മത്സരത്തിൽ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
മത്സരത്തിൽ ടോസ് ആനുകൂല്യം ലഭിച്ച ഗുജറാത്ത്, ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. കളിയിലെ താരമായ ഋതുരാജ് ഗായക്വാദിന്റെയും(60) സഹഓപ്പണർ കോൺവെയുടെയും(40) ഇന്നിംഗ്സുകളുടെ കരുത്തിൽ, അവർ നേടിയത് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ്. മറുപടി ബാറ്റിങ്ങിൽ ഗിൽ 42 റൺസും റാഷിദ് ഖാൻ 30 റൺസും എടുത്തുവെങ്കിലും മറ്റു താരങ്ങളിൽ നിന്നും പിന്തുണ ലഭിക്കാതിരുന്നതോടെ 20 ഓവറിൽ 157 റൺസിൽ ഓൾഔട്ടാകുകയായിരുന്നു.
അതിനിടെ മത്സരത്തിൽ ഋതുരാജ് എടുത്ത ഒരു ക്യാച്ചിനെചൊല്ലി വിവാദം കൊഴുക്കുകയാണ്. പേസർ മതീഷ പതിരാന എറിഞ്ഞ പതിനെട്ടാം ഓവറിൽ ആയിരുന്നു സംഭവം. ഓവറിലെ രണ്ടാം പന്തിൽ സ്ട്രൈക്കിൽ ഉണ്ടായിരുന്നത്, കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ അർദ്ധസെഞ്ചുറിയുമായി തിളങ്ങിയ വിജയ് ശങ്കർ. സ്ലോഗ് ഷോട്ട് കളിക്കാൻ ശ്രമിച്ച അദ്ദേഹത്തിന് ടൈമിംഗ് തെറ്റിയപ്പോൾ പന്ത് വായുവിൽ ഉയർന്നു. മിഡ് വിക്കറ്റ് ബൗണ്ടറിയിൽനിന്നും കുതിച്ചെത്തിയ ഋതുരാജ്, മുന്നിലേക്ക് ഡൈവ് ചെയ്തുകൊണ്ട് പന്ത് കൈപ്പിടിയിൽ ഒതുക്കുന്നു. തുടർന്ന് വിക്കറ്റ് നേട്ടവും ആഘോഷിക്കുന്നു.
പന്ത് മൈതാനത്ത് പിച്ച് ചെയ്ത ശേഷമാണോ ക്യാച്ച് എടുത്തതെന്ന സംശയത്തിൽ വിജയ് ശങ്കർ തേർഡ് അമ്പയറുടെ തീരുമാനത്തിനായി കാക്കുന്നു. പന്ത് കൈപ്പിടിയിൽ എടുക്കുന്ന സമയത്ത് ഗ്രൗണ്ടിൽ പിച്ച് ചെയ്യുന്നപോലെ തോന്നുന്നുണ്ടെങ്കിലും അമ്പയർ അത് ഔട്ട് വിധിച്ചു. കൈവിരലുകൾ പന്തിന്റെ അടിയിൽ കാണാം എന്നാണ് വിധിയെഴുതിയത്. പക്ഷേ, സാധാരണ ഇത്തരം വിക്കറ്റുകൾ റീപ്ലേ നോക്കുമ്പോൾ സൂം ചെയ്തുള്ള ദൃശ്യങ്ങൾ തേർഡ് അമ്പയർ ആവശ്യപ്പെടാറുണ്ട്. എന്നാലിന്നലെ അതിനൊന്നും കാത്തുനിൽക്കാതെ വേഗത്തിൽ ഔട്ട് വിളിച്ചു എന്ന ന്യായവാദവുമായി ഒരുപാട് ആരാധകർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്.