Categories
Uncategorized

സ്ലിപ്പിൽ ഇന്ത്യക്കായി താൻ കഴിഞ്ഞേ മറ്റാരും ഉള്ളൂ; വീണ്ടും തകർപ്പൻ ക്യാച്ചുമായി രഹാനെ.. വീഡിയോ കാണാം

ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ, ഇന്ത്യ ഉയർത്തിയ 438 റൺസ് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടരുന്ന വെസ്റ്റിൻഡീസ് തിരിച്ചടിക്കുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ അവർ ഒന്നാം ഇന്നിംഗ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് ഒപ്പമെത്താൻ അവർക്ക് ഇനിയും 209 റൺസ് കൂടി വേണം. 37 റൺസുമായി അത്തനെയ്സും 11 റൺസുമായി ഹോൾഡറുമാണ് ക്രീസിൽ. ബോളർമാർക്ക് കാര്യമായ പിന്തുണ ലഭിക്കാതിരുന്ന പിച്ചിൽ വെസ്റ്റിൻഡീസ് ബാറ്റർമാർ അനായാസം പിടിച്ചുനിന്നു.

86/1 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച അവർക്ക്, 32 റൺസെടുത്ത അരങ്ങേറ്റ മത്സരം കളിക്കുന്ന മക്കെൻസിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന പേസർ മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. തുടർന്ന് മഴ മൂലം മത്സരം അൽപസമയം തടസ്സപ്പെടുകയുണ്ടായി. അതിനു ശേഷം ബാറ്റിംഗ് ആരംഭിച്ചപ്പോൾ, അർദ്ധസെഞ്ചുറി നേടിയ നായകൻ ബ്രാത്ത്വൈറ്റും ബ്ലാക്ക്വുഡും ചേർന്ന് ഇന്ത്യൻ ബോളർമാരെ സമർത്ഥമായി പ്രതിരോധിച്ചു.

ഒടുവിൽ അശ്വിൻ്റെ ഒരു മനോഹരമായ പന്തിൽ ബ്രാത്ത്വൈറ്റ് ക്ലീൻബോൾഡ് ആകുകയായിരുന്നു. നായകൻ്റെ ഉത്തരവാദിത്വത്തോടെ കളിച്ച അദ്ദേഹം 235 പന്തുകൾ നേരിട്ട് 75 റൺസാണ് നേടിയത്. പിന്നീടും ഏറെനേരം കഴിഞ്ഞാണ് ഇന്ത്യക്ക് അടുത്ത വിക്കറ്റ് വീഴ്ത്താനായത്. അതാകട്ടെ, സ്ലിപ്പിൽ അജിങ്ക്യ രഹാനെയുടെ ഒരു തകർപ്പൻ റിഫ്ലക്സ് ക്യാച്ചിലൂടെയായിരുന്നു.

92 പന്തിൽ നിന്നും 20 റൺസെടുത്ത ബ്ലക്ക്വുഡിനെ ജഡേജയുടെ പന്തിലാണ് പുറത്താക്കിയത്. ബാറ്റർ പന്ത് ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ, പന്ത് ഔട്ട്‌സൈഡ് എഡ്ജായി പിന്നിലേക്ക് പോയി. അത് കീപ്പറുടെ ഗ്ലവ്സിൽ കൂടി തൊട്ടുരുമ്മി പോയത് ക്യാച്ച് എടുക്കുന്നത് പ്രയാസകരമായ ഒന്നാക്കി. എങ്കിലും ഒട്ടും ആശങ്കയില്ലാതെ തൻ്റെ ഇടതു വശത്തേക്ക് ഡൈവ് ചെയ്ത രഹാനെ, ഒറ്റക്കയ്യിൽ പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. സ്ലിപ്പിൽ ഇന്ത്യയുടെ വിശ്വസ്തനായ താരമെന്ന വിശേഷണത്തിന് ഒരിക്കൽ കൂടി അർഹത തെളിയിച്ച ക്യാച്ച്!

വീഡിയോ..

Leave a Reply

Your email address will not be published. Required fields are marked *