Categories
Uncategorized

വില്യംസനെയും ലതാമിനെയും ഷമി ഒറ്റ ഓവറിൽ മടക്കി; കളിയുടെ ഗതി മാറ്റിയ വിക്കറ്റുകൾ.. വീഡിയോ കാണാം

ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പിൻ്റെ ഒന്നാം സെമിയിൽ, ന്യൂസിലണ്ടിനെ 70 റൺസിന് കീഴടക്കി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടക്കുന്ന ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളെ, ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നേരിടും. ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. ന്യൂസിലൻഡ് ഇന്നിങ്സ് 48.5 ഓവറിൽ 327 റൺസിൽ അവസാനിച്ചു.

അമ്പതാം ഏകദിന സെഞ്ചുറി നേടി ചരിത്രം കുറിച്ച വിരാട് കോഹ്‌ലി(117), 70 പന്തിൽ നിന്നും അതിവേഗ സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ(105), പുറത്താകാതെ 80 റൺസ് നേടിയ ഗിൽ, മികച്ച ഇന്നിങ്സ്സുകൾ കളിച്ച നായകൻ രോഹിത് ശർമ(29 പന്തിൽ 47), വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ(20 പന്തിൽ 39) എന്നിവരുടെ മികച്ച പ്രകടനം ഇന്ത്യക്ക് കരുത്തായി. ന്യൂസിലൻഡ് നിരയിൽ ടിം സൗത്തി 3 വിക്കറ്റ് വീഴ്ത്തിയെങ്കിലും 10 ഓവറിൽ വഴങ്ങിയത് 100 റൺസ്!

7 വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 134 റൺസെടുത്ത ഓൾറൗണ്ടർ ദാരിൽ മിച്ചലിൻ്റെ ഒറ്റയാൾ പോരാട്ടവും നായകൻ കെയ്ൻ വില്യംസൻ്റെ(69) ചെറുത്തുനിൽപ്പും അവരെ വിജയത്തിൽ എത്തിക്കാൻ മാത്രം ഉണ്ടായില്ല. ആദ്യ സ്പെല്ലിൽ ഷമി ഇരു ഓപ്പണർമാരെയും മടക്കിയെങ്കിലും, തുടർന്ന് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കെയ്നും മിച്ചലും 181 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി ഇന്ത്യക്ക് തലവേദന സൃഷ്ടിച്ചിരുന്നു 

ഈ കൂട്ടുകെട്ട് മത്സരം ഇന്ത്യയുടെ കയ്യിൽ നിന്നും തട്ടിയെടുക്കുന്നു എന്ന തോന്നൽ ഉണർത്തിയപ്പോൾ, തൻ്റെ രണ്ടാം സ്പെല്ലിനായി ഷമി വീണ്ടുമെത്തുന്നു. അതിനുമുൻപ് ബൂംറയുടെ ഓവറിൽ കെയ്ൻ നൽകിയ അനായാസ ക്യാച്ച് ഷമി നിലത്തിട്ടിരുന്നു. എങ്കിലും മുപ്പത്തിമൂന്നാം ഓവറിൻ്റെ രണ്ടാം പന്തിൽ ഷമി തന്നെ കെയ്നിനെ പുറത്താക്കി. ഉയർത്തിയടിക്കാൻ ശ്രമിച്ചപ്പോൾ ഡീപ് മിഡ് വിക്കറ്റിൽ സൂര്യകുമാർ യാദവിനു ക്യാച്ച്. തുടർന്ന് ഓവറിലെ നാലാം പന്തിൽ ടോം ലതാമിനെ പൂജ്യത്തിന് വിക്കറ്റിന് മുന്നിൽ കുരുക്കിയും പുറത്താക്കി, ഷമി മത്സരം ഇന്ത്യയുടെ കോർട്ടിലേക്ക് എത്തിച്ചു.

വീഡിയോ..

Leave a Reply

Your email address will not be published. Required fields are marked *