Categories
Uncategorized

ജയിക്കാൻ വേണ്ടത് 6 ബോളിൽ 9 റൺസ് !അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറിൽ ചെന്നൈയുടെ മടയിൽ വെച്ച് തന്നെ തളച്ചു ; വീഡിയോ കാണാം

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ പഞ്ചാബിന് 4 വിക്കറ്റ് വിജയം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് നേടിയത്. ഓപ്പണർ കോൺവെ 92 റൺസോടെ പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിലാണ് വിജയം നേടിയത്. എല്ലാ ബാറ്റർമാരും ചെറിയ ചെറിയ വെടിക്കെട്ട് ഇന്നിങ്സ് കളിച്ച് പുറത്തായി. അവസാന ഓവറിൽ തന്റെ ആദ്യ ഐപിഎൽ സീസൺ കളിക്കുന്ന സിംബാബ്‌വെ താരം സിക്കന്ധർ റാസയാണ് പഞ്ചാബിന്റെ വിജയറൺ നേടിയത്.

ശ്രീലങ്കൻ യുവപേസർ മതീഷ പതിരാന എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ പഞ്ചാബിന് വേണ്ടിയിരുന്നത് 9 റൺസായിരുന്നു. ആദ്യ പന്തിൽ സിംഗിൾ, രണ്ടാം പന്തിൽ ലെഗ് ബൈയിലൂടേ മറ്റൊരു സിംഗിൾ. മൂന്നാം പന്തിൽ റാസയ്ക്ക്‌ പന്ത് ബാറ്റിൽ കൊള്ളിക്കാൻ കഴിഞ്ഞില്ല. അതോടെ അവസാന മൂന്നു പന്തിൽനിന്നും 7 റൺസ് കൂടി നേടണം. നാലാം പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് കളിച്ച് ഒരു ഡബിൾ. പഞ്ചാബിന് ബൗണ്ടറികൾ കണ്ടെത്താൻ കഴിയാതിരുന്നതോടെ ഗ്രൗണ്ടിൽ സിഎസ്കെ… സിഎസ്കെ… വിളികൾ ഉച്ചത്തിൽ മുഴങ്ങി.

അഞ്ചാം പന്തിൽ മറ്റൊരു ഡബിൾ കൂടി റാസ നേടിയതോടെ അവസാന പന്തിൽ ജയിക്കാനായി 3 റൺസ്. അതിനിടെ അമ്പയർമാരെ സമീപിച്ച റാസ, തനിക്ക് പകരം മറ്റൊരാളെ ഇറക്കാൻ കഴിയുമോ എന്ന് ചോദിക്കുന്നു. വേഗത്തിൽ ഓടാൻ കഴിയുമെന്ന് തോന്നുന്നില്ല എന്ന കാരണത്താലാവണം അത്. എങ്കിലും ബാറ്റിംഗ് തുടരാൻ തീരുമാനിച്ച റാസ, അവസാന പന്തിൽ 30 വാര വൃത്തത്തിനുള്ളിൽ നിൽക്കുകയായിരുന്ന ബാക്ക്വേർഡ് സ്ക്വയർലെഗ് ഫീൽഡറുടെ തലയ്ക്ക് മുകളിലൂടെ കോരിയിട്ടുകൊണ്ട് 3 റൺസ് ഓടിയെടുത്തു. അതോടെ പഞ്ചാബിന് ത്രില്ലർ പോരാട്ടത്തിൽ 4 വിക്കറ്റിന്റെ ആവേശവിജയം.

Leave a Reply

Your email address will not be published. Required fields are marked *