ഇന്നലെ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം ആധികാരിക വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.
നല്ല രീതിയിൽ റൺസ് ഒഴുകുന്ന ഒരു ബാറ്റിംഗ് പിച്ചാണ് കാര്യവട്ടം സ്റ്റേഡിയത്തിലേത് എന്നാണ് എല്ലാവരും വിലയിരുത്തിയത്. എന്നാൽ എല്ലാ പ്രതീക്ഷകളെയും കാറ്റിൽപറത്തി ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് മത്സരം ആരംഭിച്ചപ്പോൾ കണ്ടത്. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് തകർപ്പൻ തുടക്കം സമ്മാനിച്ച യുവ പേസർ അർഷദീപ് സിംഗ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
മറുപടി ബാറ്റിങ്ങിൽ 56 പന്തിൽ 2 ഫോറും 4 സിക്സും അടക്കം 51 റൺസ് നേടിയ രാഹുലും 33 പന്തിൽ 5 ഫോറും 3 സിക്സും അടക്കം 50 റൺസ് എടുത്ത സൂര്യകുമാറും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. സൂപ്പർ താരങ്ങളായ നായകൻ രോഹിത് ശർമ്മയുടേയും മുൻ നായകൻ വിരാട് കോഹ്‌ലിയുടെയും മാസ് ബാറ്റിംഗ് കാണാനായി എത്തിയ ആരാധകരെ നിരാശരാക്കി ഇരുവരും തുടക്കത്തിൽ തന്നെ പുറത്തായിരുന്നു. മത്സരത്തിൽ രോഹിത് പൂജ്യവും വിരാട് മൂന്നും റൺസ് മാത്രമേ നേടിയുള്ളു.
എങ്കിലും മത്സരശേഷം രാത്രി താരങ്ങൾ എല്ലാവരും ടീം ബസിൽ കയറി ഹോട്ടലിലേക്ക് മടക്കയാത്ര നടത്തുന്ന സമയത്തും വൻ ജനാവലി സാക്ഷിയായി നിൽക്കുന്നുണ്ടായിരുന്നു. നീണ്ട ഇടവേളക്ക് ശേഷം, ഏതാണ്ട് മൂന്ന് വർഷത്തിന് ശേഷമാണ് കാര്യവട്ടത്തെ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ഒരു രാജ്യാന്തര മത്സരം നടക്കുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയ താരങ്ങളെ ഒന്നടുത്ത് കാണാനായി ഒരുപാട് പേരാണ് തടിച്ച് കൂടിയിരുന്നത്.
ബസിനുള്ളിൽ ഇരിക്കുന്ന വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും ഭാഗത്തായിരുന്നു ഏറ്റവും കൂടുതൽ ആളുകൾ തടിച്ചുകൂടിയത്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും എടുക്കാനായി മത്സരമായിരുന്നു. അതിനിടെ വിരാട് കോഹ്‌ലി തന്റെ ഫോൺ എടുത്ത് ആരാധകരുടെ നേർക്ക് ഉയർത്തിക്കാട്ടി. മത്സരശേഷം തന്റെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയുമായി വീഡിയോ കോളിൽ ആയിരുന്നു അദ്ദേഹം.
ബസിന് ചുറ്റും തിങ്ങിക്കൂടി ആർപ്പുവിളികളുമായി തങ്ങളുടെ ചിത്രങ്ങൾ എടുക്കാൻ മത്സരിക്കുന്ന കാണികളെ തന്റെ പ്രിയപത്നിക്ക് ലൈവായി കാണിച്ച് കൊടുക്കുകയായിരുന്നു അദ്ദേഹം. ഏതാനും നിമിഷങ്ങൾ അത് തുടർന്ന കോഹ്‌ലി കാണികൾക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് അവസാനിപ്പിച്ച് മടങ്ങി. നേരത്തെ ഇന്ത്യൻ ടീമിന്റെ വിമാനത്താവളത്തിലെ ആഗമനസമയത്ത് കോഹ്‌ലി കാണികളെ ഒന്നും ശ്രദ്ധിക്കാതെ ബസിനുള്ളിൽ ഇരുന്നത് വൻ തരംഗമായി മാറിയിരുന്നു. എങ്കിലും ഇന്നലെ മടങ്ങും വഴി അതിന് പ്രായശ്ചിത്തം ചെയ്തുകൊണ്ട് കോഹ്‌ലി ജനമനസ്സുകളിൽ ഇടംനേടി.