ന്യൂസിലൻഡ് ടീമിന്റെ പാക്ക് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ഇന്നലെ സമനിലയിൽ അവസാനിച്ചിരുന്നു. കറാച്ചിയിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 438 റൺസ് എടുത്തു. ബാബർ അസം 161 റൺസ് നേടി ടോപ് സ്കോററായി. ഇരട്ടസെഞ്ചുറി നേട്ടം പൂർത്തിയാക്കി ന്യൂസിലൻഡ് മുൻ നായകൻ കെയ്ൻ വില്യംസൺ തിളങ്ങിയപ്പോൾ അവർ മറുപടിയായി 612/9 എന്ന നിലയിൽ 174 റൺസ് ലീഡോടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
അവസാന ദിനമായ ഇന്നലെ 77/2 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന് 100 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായി. എങ്കിലും ഓപ്പണർ ഇമാം ഉൾ ഹഖും മുൻ നായകനും വിക്കറ്റ് കീപ്പറുമായ സൾഫറാസ് അഹമ്മദും ചേർന്ന് മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിച്ചു. അർദ്ധസെഞ്ചുറി പൂർത്തിയാക്കിയ ഉടനെ സർഫറാസും സെഞ്ചുറിക്ക് നാല് റൺസ് അകലെ ഇമാമും പുറത്തായതോടെ പാക്ക് ടീം വീണ്ടും പരാജയം മണത്തു. എങ്കിലും എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന സൗദ് ശക്കീലും മുഹമ്മദ് വസീം ജൂനിയറും ചേർന്ന് ചെറുത്തുനിൽപ് നടത്തി മത്സരം രക്ഷിച്ചെടുക്കുകയായിരുന്നു.
വസീം ജൂനിയർ 43 റൺസ് എടുത്തപ്പോൾ സൗദ് ശക്കീൽ 55 റൺസ് നേടി പുറത്താകാതെ നിന്നു. തുടർന്ന് അപ്രതീക്ഷിതമായി പാക്ക് നായകൻ ബാബർ അസം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. പാക്ക് ടീം 311/8 എന്ന നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു അത്. 15 ഓവറിൽ 138 റൺസ് വിജയലക്ഷ്യം മുന്നിൽ വച്ചുകൊടുത്തുകൊണ്ട് ബാബർ അവരെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന് വിളിച്ചു. എങ്കിലും ന്യൂസിലൻഡ് ടീമും ഒട്ടും കുറച്ചില്ല. ട്വന്റി ട്വന്റി ശൈലിയിൽ തകർത്തടിച്ച അവർ ഒരു ഘട്ടത്തിൽ സ്കോർ മറികടക്കും എന്ന് തോന്നിപ്പിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം 7.3 ഓവറിൽ 61/1 എന്ന നിലയിൽ നിൽക്കെ മത്സരം നിർത്താൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.
അതിനിടെ പാക്ക് ടീമിന് നാണക്കേടായി ഓപ്പണർ ഇമാം ഉൾ ഹഖ് ചെയ്ത പ്രവർത്തിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ ടീമിന്റെ ടോപ് സ്കോററായ ഇമാം 96 റൺസിൽ നിൽക്കെ ക്രീസ് വിട്ടിറങ്ങി വൻ ഷോട്ട് കളിക്കാനുള്ള ശ്രമത്തിൽ മിസ് ആയി കീപ്പർ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയിരുന്നു. സെഞ്ചുറി നഷ്ടമായ നിരാശയിൽ ഡഗ് ഔട്ടിൽ മടങ്ങിയെത്തിയ ഇമാം അവിടെ കിടന്ന ഒരു കസേര അടിച്ചു തകർത്തശേഷം ബാറ്റ് നിലത്തേക്ക് വലിച്ച് എറിഞ്ഞ് പോകുകയായിരുന്നു.