Categories
Cricket Latest News

അവർ വീണ്ടും ചരിത്രം ആവർത്തിക്കുകയാണല്ലോ; വൈറലായി പാക്ക് താരങ്ങൾ ക്യാച്ച് കൈവിട്ടത്.. വീഡിയോ കാണാം

പാക്കിസ്ഥാനിലെ കറാച്ചിയിൽ ന്യൂസിലൻഡ് ടീമുമായുള്ള പരമ്പരയിലെ ഒന്നാം ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ പാക്ക് നായകൻ ബാബർ അസം ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 161 റൺസ് എടുത്ത് മുന്നിൽ നിന്ന് നയിച്ച ബാബറിന്റെയും കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ ആഗ സൽമാന്റെയും ഫോമൗട്ട്‌ ആയ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാന് പകരം ടീമിലെത്തി 86 റൺസ് എടുത്ത മുൻ നായകൻ സർഫറാസ് അഹമ്മദിന്റെയും മികവിൽ അവർ ഒന്നാം ഇന്നിംഗ്സിൽ 438 എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. ന്യൂസിലൻഡിനായി നായകൻ ടിം സൗത്തി 3 വിക്കറ്റും ഇഷ് സോദി, ബ്രയ്സ്വൽ, അജാസ് പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് ന്യൂസിലൻഡ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 612/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തിട്ടുണ്ട്. ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി നായകസ്ഥാനം ഒഴിഞ്ഞ കെയ്ൻ വില്യംസൺ ഇരട്ടസെഞ്ചുറി നേട്ടം പൂർത്തിയാക്കിയ ഉടനെത്തന്നെ ‌‌‌‌നായകൻ ടിം സൗത്തി ചായക്ക് പിരിയുന്നതിന് മുമ്പായി അവരെ തിരികെവിളിച്ചു. ഇപ്പോൾ അവർക്ക് 174 റൺസിന്റെ ലീഡുണ്ട്. ഓപ്പണർമാരായ ടോം ലതം 113 റൺസും ഡിവോൺ കോൺവേ 92 റൺസും എടുത്തപ്പോൾ കിവീസിന്‌ മികച്ച തുടക്കം ലഭിക്കുകയായിരുന്നു. സ്പിന്നർ ഇഷ് സോദി 63 റൺസ് നേടി വില്യംസന്റെ കൂടെ മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിച്ചു. പാക്കിസ്ഥാന് വേണ്ടി അബ്രാർ അഹമ്മദ് 5 വിക്കറ്റും‌ നൗമാൻ അലി 3 വിക്കറ്റും വീഴ്ത്തി.

അതിനിടെ ന്യൂസിലൻഡ് ടീമിന്റെ ബാറ്റിങ്ങിന് ഇടയിലെ പാക്കിസ്ഥാൻ താരങ്ങളുടെ ഫീൽഡിംഗ് പിഴവ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. എല്ലാകാലത്തും ഫീൽഡിംഗിലെ അശ്രദ്ധനിറഞ്ഞ നിമിഷങ്ങൾക്ക് പേരുകേട്ട ഒരു ടീമാണ് പാക്കിസ്ഥാൻ. പാക്ക് താരങ്ങളുടെ ഇത്തരം അമളികൾ ട്രോളൻമാർക്ക്‌ ചാകരയാണ്. ഒരു ഏകദിന മത്സരത്തിൽ ശോഐബ് മാലിക്കും സഈദ് അജ്മലും ചേർന്ന് ഒരു ക്യാച്ച് പാഴാക്കുന്ന വീഡിയോ ഇന്നും ട്രോളുകളിലും മീമുകളിലും കാണാം.

https://twitter.com/tanveerspeaks_/status/1608058987412426759?t=0toHQHvX_ZT8yD7YqYPIfw&s=08

അതുപോലെ ഒരു നിമിഷമാണ് ഇന്ന് ന്യൂസിലൻഡ് താരം ടോം ബ്ലണ്ടൽ നൽകിയ ക്യാച്ച് അവസരത്തിലും കണ്ടത്. അദ്ദേഹം ഉയർത്തിയടിച്ച പന്തിൽ ക്യാച്ച് എടുക്കാനായി ഇമാം ഉൾ ഹഖ്, അബ്രാർ അഹമ്മദ് എന്നീ താരങ്ങൾ ഒരുമിച്ച് ഓടിയെങ്കിലും രണ്ടുപേരും ക്യാച്ചിനു ശ്രമിച്ചില്ല. പന്ത് ഇരുവർക്കും ഇടയിൽ വീഴുകയും ചെയ്തു. ഇതുകണ്ട നായകൻ ബാബർ അസം വളരെ ദേഷ്യഭാവത്തിൽ കാണപ്പെട്ടു. ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് കുതിക്കുന്ന ഘട്ടത്തിൽ അവർക്ക് അവിടെയൊരു വിക്കറ്റ് അനിവാര്യമായിരുന്നു. ടോം ബ്ലണ്ടൽ 39 റൺസ് എടുത്തുനിൽക്കെയായിരുന്നു അത്. എങ്കിലും തനിക്ക് ലഭിച്ച പുതുജീവൻ ശരിക്ക് മുതലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 47 റൺസിൽ അദ്ദേഹം മുഹമ്മദ് വാസീമിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു.

https://twitter.com/minibus2022/status/1608061806102327296?t=xau1MLZJokp1ZuETQqQNsg&s=08

Leave a Reply

Your email address will not be published. Required fields are marked *