ഇന്നലെ രാത്രി വൈകി ഫുട്ബോൾ ഇതിഹാസം പെലെയുടെ വിയോഗവാർത്തയിൽ സങ്കടപ്പെട്ടിരുന്ന കായികപ്രേമികൾ ഇന്ന് ഉണർന്നെഴുന്നേറ്റത് മറ്റൊരു ദുരന്തവാർത്തയോടെയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപെട്ട് അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വാർത്ത! ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർക്ക് തീർത്തും അപ്രതീക്ഷിതമായ ഒരു വാർത്തയായി ഇതുമാറി. ആദ്യം പലരും ഇത് വിശ്വസിക്കാൻ തയ്യാറായില്ല. പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം സത്യമാണ് എന്ന് വ്യക്തമായത്.
ഡൽഹി-ഹരിദ്വാർ ഹൈവേയിലൂടെയുള്ള യാത്രയിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം നടന്നത്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാർ നിയന്ത്രണംവിട്ടു ഡിവൈഡറിൽ ചെന്നിടിച്ചു തീപിടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തലയിലും പുറത്തും കാൽമുട്ടിലും മുറിവേറ്റ അദ്ദേഹത്തെ ഓടിക്കൂടിയ നാട്ടുകാരാണ് ഡെറാഡൂണിലെ ആശുപത്രിയിലെത്തിച്ചത്. അവിടെ മൂടൽമഞ്ഞിന്റെ ലക്ഷണങ്ങൾ കണ്ടില്ലെന്നും ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് ലോക്കൽ പോലീസ് പറയുന്നത്.
എന്നിരുന്നാലും അദ്ദേഹം ഇപ്പോൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തെ കൂടുതൽ വിദഗ്ദചികിത്സക്കായി വേറെ ആശുപത്രിയിലേക്ക് മാറ്റുമെന്നും പ്ലാസ്റ്റിക് സർജറി ചെയ്യുമെന്നുമൊക്കെ വാർത്തകൾ വരുന്നുണ്ട്. ജനുവരിയിൽ നടക്കാൻ പോകുന്ന ഇന്ത്യ-ശ്രീലങ്ക വൈറ്റ് ബോൾ പരമ്പരയിൽ പന്തിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. 15 ദിവസം ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നെസ് ട്രെയിനിങ് നടത്താൻ ബിസിസിഐ നിർദേശം നൽകിയിരുന്നു. പിന്നീട് വരുന്ന ഓസ്ട്രേലിയക്ക് എതിരെയുള്ള നിർണായകമായ 4 മത്സര ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഒരുങ്ങാൻ ആയിരുന്നു അത്.
ഇപ്പോൾ സംഭവത്തിന്റെ കൂടുതൽ വ്യക്തമായ ദൃശ്യങ്ങൾ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. സംഭവം കണ്ട ദൃക്സാക്ഷികൾ പകർത്തിയ ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന അപകടസമയത്തെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. ഡിവൈഡറിൽ ഇടിച്ചുതകർന്ന കാർ പൂർണമായി കത്തിയമരുന്നതും സമീപം റോഡിൽ നാട്ടുകാർ പന്തിനെ രക്ഷിച്ച് കിടത്തിയിരിക്കുന്നതും കാണാം. മറ്റൊരു വീഡിയോയിൽ മുഖം മുഴുവൻ ചോരയോലിപ്പിച്ച് നിൽക്കുന്ന പന്തിന്റെ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിക്കുന്ന വ്യക്തിയോട് അത് ചെയ്യരുത് എന്ന് അപേക്ഷിക്കുന്ന പന്തിന്റെ ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്.