ഐപിഎൽ മാതൃകയിൽ പാക്കിസ്ഥാനിൽ നടക്കുന്ന ട്വന്റി ട്വന്റി ടൂർണമെന്റായ പാക്കിസ്ഥാൻ സൂപ്പർ ലീഗിന് ഏതാനും ദിവസങ്ങൾക്കുമുമ്പ് തുടക്കമായിരുന്നു. ലീഗിന്റെ എട്ടാം സീസണാണ് ഇത്തവണ നടക്കുന്നത്. ഇതിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പാക്ക് ദേശീയ ടീം നായകനായ ബാബർ അസം നയിക്കുന്ന പെഷവാർ സാൽമിയും ശദാബ് ഖാൻ നയിക്കുന്ന ഇസ്ലാമാബാദ് യുണൈറ്റഡും ഏറ്റുമുട്ടിയിരുന്നു. മത്സരത്തിൽ ഇസ്ലാമാബാദ് യുണൈറ്റഡ് 6 വിക്കറ്റ് വിജയം നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബാബറിന്റെ ടീമിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണർ മുഹമ്മദ് ഹാരിസ് 21 പന്തിൽ 40 റൺസ് എടുത്ത് പുറത്തായപ്പോൾ നായകൻ ബാബർ 58 പന്തിൽ 75 റൺസോടെ പുറത്താകാതെ നിന്നു. പിന്നീട് വന്നവരിൽ, 11 റൺസ് എടുത്ത ദാസുൻ ശനക ഒഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. പാക്ക് പേസർ ഹസൻ അലി മൂന്ന് വിക്കറ്റുമായി തിളങ്ങി. അലി തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
മറുപടി ബാറ്റിങ്ങിൽ യുണൈറ്റഡ് താരങ്ങൾ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ചതോടെ വെറും 14.5 ഓവറിൽ, നാല് വിക്കറ്റ് നഷ്ടത്തിൽ അവർ വിജയലക്ഷ്യം മറികടന്നു. ഓപ്പണർ ഗുർബാസ് 31 പന്തിൽ 62 റൺസും റാസി വാൻ ഡേർ ദസ്സൻ 29 പന്തിൽ 42 റൺസും എടുത്ത് പുറത്തായപ്പോൾ ആസിഫ് അലി 13 പന്തിൽ 29 റൺസോടെയും പുറത്താകാതെ നിന്നു. ബാബർ അസമിന്റെ പെഷവാർ സാൽമിയുടെ നാലു കളികളിലെ രണ്ടാം തോൽവിയാണിത്. ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരനും വിക്കറ്റ് വേട്ടക്കാരനും അവരുടെ ടീമിലാണ്; ബാബർ അസമും വഹാബ് റിയാസും.
അതിനിടെ മത്സരത്തിൽ ബാബറും ഹസൻ അലിയും തമ്മിലുള്ള ഒരു രസകരമായ നിമിഷം അരങ്ങേറിയിരുന്നു. പെഷവാർ ടീമിന്റെ ബാറ്റിങ്ങിന് ഇടയിൽ ആയിരുന്നു സംഭവം. ഹസൻ അലി എറിഞ്ഞ ഒരോവറിൽ ബാബർ അസം സിംഗിൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ പന്തെറിഞ്ഞ ഹസൻ അലി നേരെ മുൻപിൽ വന്നുപെട്ടപ്പോൾ ബാബർ ചെയ്ത പ്രവർത്തിയാണ് ചിരിപടർത്തിയത്. ഓടുന്നതിനിടയിൽ ബാറ്റ് ഉയർത്തി അടിക്കാനോങ്ങിയ ബാബറിനെ കണ്ട് ഹസൻ അലി എഴുന്നേറ്റ് ഓടുകയായിരുന്നു. പാക്കിസ്ഥാൻ ടീം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.