Categories
Uncategorized

തനി ഗാംഗുലി സ്റ്റൈൽ; സ്മൃതി മന്ഥാനയുടെ ബാറ്റിംഗ് കണ്ടോ.. വീഡിയോ കാണാം

ദക്ഷിണാഫ്രിക്കയിൽവച്ച് നടക്കുന്ന വനിതാ ട്വന്റി ട്വന്റി ലോകകപ്പ് ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ അയർലണ്ടിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ മഴനിയമപ്രകാരം 5 റൺസിനായിരുന്നു ഇന്ത്യൻ വനിതകളുടെ വിജയം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 87 റൺസെടുത്ത ഓപ്പണർ സ്മൃതി മന്ഥാനയുടെ മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എടുത്തു.

വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ പന്തിൽ തന്നെ ഡബിൾ ഓടാൻ ശ്രമിച്ച ഓപ്പണർ എമി ഹണ്ടറിനെ ജേമിമാ റോഡ്രിഗസിന്റെ ത്രോയിൽ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് റൺഔട്ടാക്കി മടക്കി. ഓവറിന്റെ അഞ്ചാം പന്തിൽ ഓർല പ്രണ്ടർഗാസ്റ്റിനെ രേണുക സിംഗ് താക്കൂർ ക്ലീൻ ബോൾഡ് ആക്കുകയും ചെയ്തു. എങ്കിലും നേരത്തെ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ നായിക ലൗറ ഡിലാനി, ഗാബി ലൂയിസിനെ കൂട്ടുപിടിച്ച് ഒരു അർദ്ധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചുകൊണ്ട് മത്സരത്തിലേക്ക് അവരെ തിരികെകൊണ്ടുവന്ന സമയത്താണ് രസംകൊല്ലിയായി മഴയെത്തിയത്.

ഡക്ക്വർത്ത് ലൂയിസ് സ്റ്റൺ മഴനിയമപ്രകാരം 8.2 ഓവർ കഴിയുമ്പോൾ അയർലൻഡ് എടുക്കേണ്ടിയിരുന്ന സ്കോർ 59 റൺസ് ആയിരുന്നു. എന്നാൽ അവർ 54/2 എന്ന നിലയിൽ ആയിരുന്നു. അതോടെയാണ് ടീം ഇന്ത്യക്ക് അഞ്ച് റൺസ് വിജയത്തോടെ സെമിയിൽ കടക്കാൻ സാധിച്ചത്. സ്മൃതി മന്ഥാന തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 56 പന്തിൽ നിന്നും 9 ഫോറും 3 സിക്‌സും അടക്കമാണ് സ്മൃതി 87 റൺസ് നേടിയത്.

മുൻ ഇന്ത്യൻ നായകനും ഇതിഹാസതാരവുമായ സൗരവ് ഗാംഗുലിയുടെ ഷോട്ടുകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ഇന്നലെ സ്മൃതിയുടെ ബാറ്റിംഗ്. മത്സരശേഷം ഐസിസി തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇരുവരുടെയും ബാറ്റിംഗ് വീഡിയോ ഒന്നിച്ചുചേർത്ത് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇത് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുകയാണ്. പക്കാ ദാദാ സ്റ്റൈലിൽ കവർ ഡ്രൈവുകളും പുൾ ഷോട്ടുകളും ഒത്തുചേർന്ന ഒരു ഇന്നിങ്സ്. കഴിഞ്ഞയാഴ്ച നടന്ന പ്രഥമ വനിതാ ഐപിഎൽ താരലേലത്തിലെ ഏറ്റവും വിലയേറിയ താരമായി മാറിയത് സ്മൃതിയായിരുന്നു. 3.40 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് സ്മൃതിയെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ടീമിന്റെ നായികയായി അവരെത്തന്നെ ടീം മാനേജ്മെന്റ് പ്രഖ്യാപിക്കുകയും ചെയ്തു.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *