Categories
Cricket Latest News

ബോളിങ് എൻഡിൽ റൺഔട്ട് ആക്കിയ താരത്തെ മടക്കിവിളിച്ച് ടീം ഇന്ത്യ; വിക്കറ്റ് വിഡിയോ കാണാം

16 ടീമുകൾ മാറ്റുരയ്ക്കുന്ന പ്രഥമ വനിതാ അണ്ടർ-19 ട്വന്റി ട്വന്റി ലോകകപ്പ് ടൂർണമെന്റിന് ഈ വരുന്ന ജനുവരി 14ന് ദക്ഷിണാഫ്രിക്കയിൽ തുടക്കമാകുകയാണ്. ഇതിനുള്ള മുന്നൊരുക്കമായി ഇന്ത്യയുടെ അണ്ടർ-19 വനിതാ ടീം അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ഒരു T-20 പരമ്പരയ്ക്കായി അവിടെ എത്തിയിട്ടുണ്ട്. ഇന്ത്യൻ സീനിയർ ടീമിലെ ഓപ്പണർ ഷഫലി വർമ നയിക്കുന്ന ടീമിൽ, സീനിയർ ടീമിലെ വിക്കറ്റ് കീപ്പർ റിച്ച ഘോഷും ഉൾപ്പെട്ടിട്ടുണ്ട്. ലോകകപ്പിനുള്ള സ്ക്വാഡിൽ റിസർവ് താരമായി മലയാളി താരം നാജില സിഎംസിയും ഉൾപ്പെട്ടിട്ടുണ്ട്.

ഇന്ന് നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾ 54 റൺസിന് വിജയിച്ചിരുന്നു. പ്രെട്ടോറിയയിലെ ടുക്സ് ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് നേടിയത്. നായികയും ഓപ്പണറുമായ ശഫാലി വർമ ഗോൾഡൺ ഡക്കായി. 40 റൺസ് വീതം എടുത്ത ശ്വേത സെഹ്രാവത്തും സൗമ്യ തിവാരിയും ചേർന്നാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് മത്സരത്തിൽ 11 പന്തിൽ 15 റൺസാണ് നേടിയത്.

ഇന്ത്യയുടെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വെറും 83 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ടീമിലെ ഒരാൾക്ക് പോലും 20 റൺസിന് മുകളിൽ സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബോളർമാർ മത്സരത്തിൽ പിടിമുറുക്കി. 3 വിക്കറ്റ് വീതം വീഴ്ത്തിയ ശബ്‌നവും അർച്ചന ദേവിയും ഇന്ത്യക്കായി തിളങ്ങി.

അതിനിടെ മത്സരത്തിൽ ഇന്ത്യയുടെ ബോളിങ്ങിനിടെ ഒരു സംഭവമുണ്ടായി. ഇടംകൈ സ്പിന്നർ മന്നത്ത് കശ്യപ് എറിഞ്ഞ പതിനേഴാം ഓവറിന്റെ നാലാം പന്തിൽ ആയിരുന്നു അത്. ബോളിങ് പൂർത്തിയാക്കുന്നതിന് മുൻപേ ക്രീസിൽ നിന്നും മുന്നോട്ട് കയറിയ ബാറ്റർ ജെന്ന ഇവൻസിനെ നോൺ സ്ട്രൈക്കർ എൻഡിൽ റൺഔട്ട് ആക്കുകയായിരുന്നു. ബോളർ അപ്പീൽ ചെയ്തയുടനെ അമ്പയർ ഔട്ട് വിളിക്കുകയും ചെയ്തു. നിരാശയോടെ ഇവാൻസ് മടങ്ങുന്നതും വീഡിയോയിൽ കാണാം. എങ്കിലും ഇന്ത്യൻ ടീം അപ്പീൽ പിൻവലിച്ച് താരത്തെ തിരികെ വിളിക്കുകയായിരുന്നു. ‘മങ്കാദിങ്’ എന്ന് വിളിക്കപ്പെട്ടിരുന്ന ഇത്തരം പുറത്താക്കൽ രീതി ഇനി മുതൽ റൺഔട്ട് ആയി കണക്കാക്കും എന്ന് കഴിഞ്ഞ ഒക്ടോബറിൽ നിലവിൽവന്ന ഐസിസി നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും എന്തുകൊണ്ടോ ഇന്ന് ഇന്ത്യൻ ടീം പുറത്താക്കിയ താരത്തെ മടക്കിവിളിക്കുകയാണ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *