Categories
Cricket Latest News

ദേ വീണ്ടും പരിക്ക് ! ബോൾ കൊണ്ട് ഗ്രീനിൻ്റെ വിരലിൽ നിന്നും ചോര വന്നു ,ഒടുവിൽ സംഭവിച്ചത് ; വീഡിയോ കാണാം

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസീസിന് മേൽക്കൈ. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ അവരെ 189 റൺസിൽ ഓൾഔട്ടാക്കിയിരുന്നു. ഇന്ന് രണ്ടാം ദിനം കളി നിർത്തുമ്പോൾ ഓസീസ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 7 വിക്കറ്റ് ശേഷിക്കെ 197 റൺസിന്റെ കൂറ്റൻ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. 3 വിക്കറ്റിന് 386 എന്ന നിലയിലാണ് അവർ. നേരത്തെ ബ്രിസ്ബൈനിലെ ഗാബയിൽവച്ച് നടന്ന ആദ്യ ടെസ്റ്റിൽ 6 വിക്കറ്റിന് വിജയിച്ച ഓസീസ് പരമ്പരയിൽ മുന്നിലാണ്.

1 റൺ എടുത്ത ഓപ്പണർ ഉസ്മാൻ ഖവാജയെയും 14 റൺസ് എടുത്ത മർനസ് ലഭുഷെയ്നിനെയും നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഓപ്പണർ ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും 239 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. അർഹിച്ച സെഞ്ചുറിക്ക് അടുത്തുവച്ച് 85 റൺസിൽ സ്മിത്ത് പുറത്തായി. എങ്കിലും തന്റെ കരിയറിലെ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന വാർണർ ദക്ഷിണാഫ്രിക്കൻ ബോളർമാരെ തലങ്ങും വിലങ്ങുമായി പ്രഹരിച്ച് ഇരട്ടസെഞ്ചുറി നേട്ടം പൂർത്തിയാക്കി. തൊട്ടുപിന്നാലെ പേശിവലിവ്‌ മൂലം ബുദ്ധിമുട്ടിയ അദ്ദേഹം ഒടുവിൽ പവലിയനിലേക്ക് മടങ്ങി.

വാർണർ റിട്ടയേർഡ് ഹേർട്ട്‌ ആയിമടങ്ങിയ ശേഷം എത്തിയ ഓൾറൗണ്ടർ കാമറൂൺ ഗ്രീനും പരുക്കേറ്റ് ക്രീസ്‌ വിട്ടത് മെൽബണിൽ തിങ്ങിനിറഞ്ഞ ഓസീസ് ആരാധകരെ ആശങ്കയിലാഴ്ത്തി. പേസർ ആൻറിച്ച് നോർക്യയുടെ ഒരു ബൌൺസർ പിച്ചിൽ കുത്തിയുയർന്നു ഗ്ലവിൽ തട്ടി വലതുകൈയിലെ ചൂണ്ടുവിരലിൽ നിന്നും രക്തം വാർന്നാണ് മടക്കം. 85 ആം ഓവറിന്റെ നാലാം പന്തിൽ ആയിരുന്നു അത്. നേരത്തെ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഗ്രീൻ രണ്ടാം ഇന്നിങ്സിലും ടീമിന്റെ ബോളിങ് നെടുംതൂൺ ആകേണ്ടതായിരുന്നു. കാരണം നേരത്തെതന്നെ ടീമിന്റെ സീനിയർ പേസർ മിച്ചൽ സ്‌റ്റാർക്കിന് ഫീൽഡിംഗിനിടെ വിരലിന്‌ പരിക്കേറ്റ് പുറത്തായിരുന്നു. വാർണർ, ഗ്രീൻ, സ്റ്റാർക്ക് എന്നിവർ ഇനി നാളെ മത്സരത്തിൽ ബാറ്റിങ്ങിന് ഇറങ്ങുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *