Categories
Cricket Latest News

പതുക്കെ വണ്ടി ഓടിക്കണം , പന്തിന് ഉപദേശം നൽകി ശിഖർ ധവാൻ ,വൈറൽ ആയി വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് സംഭവിച്ച കാറപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും നമ്മൾ. ഇന്ന് പുലർച്ചെ അഞ്ചരയ്ക്ക് ‍ഡൽഹി-ഹരിദ്വാർ ഹൈവേയിലാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ അപകടം നടന്നത്. ഡൽഹിയിൽ നിന്നും സ്വദേശമായ ഉത്തരാഖണ്ഡിലേക്കുള്ള യാത്രയിലാണ് സ്വയം കാറോടിച്ച് പോകുന്നതിനിടെ ഉറക്കത്തിൽപ്പെട്ടപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് തീപിടിക്കുന്നത്.

എങ്കിലും താരത്തിന് ഗുരുതരമായ പരുക്ക് പറ്റിയില്ലെന്നത് എല്ലാവർക്കും ആശ്വാസമായി. അപകടം നടന്നയുടനെ വാഹനത്തിന് തീപിടിക്കുന്നു എന്ന് മനസ്സിലാക്കിയ നാട്ടുകാർ അദ്ദേഹത്തെ ഗ്ലാസ്സ് തകർത്ത് പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ബിസിസിഐ ഇന്ന് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം താരത്തിന് കാൽമുട്ടിനും നെറ്റിയിലും പുറംഭാഗത്തും പരുക്ക് പറ്റിയിട്ടുണ്ട്‌. കുറച്ച് മാസങ്ങൾ ഏതായാലും വിശ്രമം വേണ്ടിവരും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജനുവരിയിൽ നടക്കാൻ പോകുന്ന ഇന്ത്യ-ശ്രീലങ്ക വൈറ്റ് ബോൾ പരമ്പരയിൽ പന്തിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. 15 ദിവസം ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നെസ് ട്രെയിനിങ് നടത്താൻ ബിസിസിഐ നിർദേശം നൽകിയിരുന്നു. പിന്നീട് വരുന്ന ഓസ്ട്രേലിയക്ക് എതിരെയുള്ള നിർണായകമായ 4 മത്സര ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഒരുങ്ങാൻ ആയിരുന്നു അത്. ബംഗളൂരുവിലേക്ക് പോകുന്നതിന് മുമ്പായി സ്വന്തം വീട്ടിൽ പുതുവർഷം ആഘോഷിക്കാനും കുടുംബത്തോടൊപ്പം അൽപദിവസങ്ങൾ ചിലവഴിക്കാനും വേണ്ടി പോകുകയായിരുന്നു അദ്ദേഹം എന്ന് പറയപ്പെടുന്നു. ആശുപത്രിയിൽ തുടരുന്ന അദ്ദേഹത്തിന് പൂർണ ആരോഗ്യവാനായി തിരിച്ചെത്താൻ പ്രമുഖ താരങ്ങളും ആരാധകരുമൊക്കെ പ്രാർത്ഥനകളും ആശിർവാദങ്ങളും നേരുന്നുണ്ട്.

അതിനിടെ അൽപം വർഷങ്ങൾക്ക് മുൻപുള്ള ഒരു വീഡിയോ ഈ അവസരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രസക്തമാകുന്നത് എല്ലാവരും ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. ഐപിഎല്ലിൽ ഇപ്പോൾ പഞ്ചാബ് കിംഗ്സ് താരമായ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ഇതിനുമുൻപ് ‍ഡൽഹി ക്യാപിറ്റൽസ് ടീമിൽ കളിക്കുമ്പോഴുള്ള സമയത്തെ ഒരു വീഡിയോ ആണിത്. ഡൽഹി ടീമിന്റെ ഇപ്പോഴത്തെ നായകനാണ് ഋഷഭ് പന്ത്. അന്ന് ഒരു ഇന്റർവ്യൂവിൽവെച്ച് സീനിയർ താരമായ ധവാനോട്, തനിക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളത് എന്ന് പന്ത് ചോദിക്കുമ്പോൾ ശിഖർ ധവാൻ പറയുന്ന മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ‘നീ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിച്ചും പതുക്കെയും ഓടിക്കുക’ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ പന്ത്, അത് ഞാൻ ചെയ്യാം എന്ന് ഉറപ്പുനൽകുകയും ചെയ്യുന്നുണ്ട്. പണ്ടേതൊട്ടേ പന്ത് വളരെ പരുക്കനായ ഒരു ഡ്രൈവർ ആയിരുന്നു എന്നാണ് ഇപ്പോൾ ഇത് കണ്ട ആരാധകരുടെ കമന്റുകൾ നിറയുന്നത്. ഇന്ന് പുറത്തുവന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ കാർ അമിതവേഗത്തിൽ വരുന്നതും ഡിവൈഡറിൽ ഇടിച്ചു മറിയുന്നതും കാണാം.

https://twitter.com/kohlifanAmi/status/1608756142255263744?t=Q8UwN7U0E0LfesXGsWpd8g&s=08

Leave a Reply

Your email address will not be published. Required fields are marked *