Categories
Cricket

ഇവൻ ആള് കേമൻ തന്നെ..; ചാഹറിന്റെ ഇൻസ്വിങ്ങർ വിക്കറ്റ് കണ്ട് ഞെട്ടി രോഹിത്.. വീഡിയോ

ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യക്ക് തകർപ്പൻ വിജയം. തിങ്ങിനിറഞ്ഞ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ കാണികൾക്ക് മുന്നിൽ മികച്ച ബോളിങ് പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ താരങ്ങളുടെ പന്തുകൾക്ക് ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അവർക്ക് 2.3 ഓവറിൽ 9 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ആഘാതത്തിൽ നിന്നും കരകയറാൻ സാധിച്ചില്ല.

എങ്കിലും വാലറ്റക്കാർ തട്ടിമുട്ടി നിശ്ചിത ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് വരെ എത്തിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. നായകൻ രോഹിത് ശർമ പൂജ്യത്തിനും വിരാട് കോഹ്‌ലി 3 റൺസിനും തുടക്കത്തിലേ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. 56 പന്തിൽ 2 ഫോറും 4 സിക്‌സും അടക്കം 51 റൺസ് നേടിയ രാഹുലും 33 പന്തിൽ 5 ഫോറും 3 സിക്‌സും അടക്കം 50 റൺസ് എടുത്ത സൂര്യകുമാറും ചേർന്ന കൂട്ടുകെട്ട് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു.

മികച്ച നിരക്കിൽ റൺ ഒഴുകുന്ന ഒരു ബാറ്റിംഗ് പിച്ച് ആണെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല എന്നായിരുന്നു എല്ലാവരും വിലയിരുത്തൽ നടത്തിയത്. എന്നാൽ നേരെ തിരിച്ചാണ് സംഭവിച്ചത്. വളരെ അധികം പൈസ മുടക്കി മത്സരം കാണാൻ എത്തിയ ആരാധകർ മത്സരം പെട്ടെന്ന് തീർന്നതിൽ പരിഭവം പ്രകടിപ്പിക്കുന്നത് കാണാൻ സാധിച്ചു. എങ്കിലും അടുത്ത മാസം നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് മുന്നിൽക്കണ്ട് മത്സരിക്കുന്ന ടീം ഇന്ത്യക്ക് എല്ലാ ബോളർമാർക്കും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിൽ തൃപ്തിയുണ്ട്.

മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബാ ബാവുമായെ പുറത്താക്കി ദീപക് ചഹാർ ആണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. മികച്ച സ്വിങ്ങാണ് പിച്ചിൽ നിന്നും ഇന്ത്യൻ ബോളർമാർക്ക് ലഭിച്ചത്. ആദ്യ പന്തുകളിൽ ഔട്ട് സ്വിങ്ങിലൂടെ ഭാവുമയെ കുഴപ്പിച്ച ദീപക് ചാഹാർ അവസാന പന്തിൽ പെട്ടെന്നൊരു ഇൻസ്വിംഗർ എറിഞ്ഞ് ക്ലീൻ ബോൾഡ് ആക്കുകയായിരുന്നു. ഭുവനേശ്വർ കുമാർ ഫിറ്റ്നെസ് ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കാൻ ബാംഗ്ലൂരിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ പോയതും ജസ്‌പ്രീത് ബൂംറക്ക് മത്സരത്തിന് മുൻപ് പുറംവേദന അനുഭവപ്പെട്ടതുംകൊണ്ടാണ് ഇന്ന് ദീപക്കിന് പ്ലയിങ് ഇലവനിൽ അവസരം ലഭിച്ചത്.

ആദ്യ ഓവറിൽ തന്നെ വിക്കറ്റ് ലഭിച്ചത് അദ്ദേഹത്തിന് വളരെയധികം ആത്മവിശ്വാസം പകർന്നു. സ്ലിപ്പിൽ നിൽക്കുകയായിരുന്ന നായകൻ രോഹിത് ശർമയും വിക്കറ്റ് കീപ്പർ പന്തും താരത്തെ അഭിനന്ദിക്കാനായി വരുന്ന സമയത്തെ രോഹിതിന്റെ മുഖഭാവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ദീപക് ചഹറിനെപറ്റി പന്തിനോട് ഇവൻ ആളൊരു കേമൻ തന്നെ എന്ന മട്ടിൽ ഉള്ളൊരു എക്സ്പ്രഷൻ ആണ് രോഹിത്തിൽ കാണാൻ കഴിഞ്ഞത്.

മത്സരത്തിൽ രണ്ടാം ഓവറിൽ മാത്രം മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷദീപ് സിംഗ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അക്സർ പട്ടേൽ ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ ദീപക് ചഹാർ, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. സ്പിന്നർ ആയ രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ വിക്കറ്റ് ഒന്നും നേടിയെങ്കിലും ഒരു മൈഡൻ അടക്കം വെറും 8 റൺസ് മാത്രമാണ് വഴങ്ങിയത്. പരമ്പരയിലെ രണ്ടാം മത്സരം ഒക്ടോബർ 2 ഞായറാഴ്ച ഗാന്ധി ജയന്തി ദിനത്തിൽ ഗുവാഹത്തിയിൽവെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *