ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ, ഓസീസിനെ ഒന്നാം ഇന്നിംഗ്സിൽ ഓൾഔട്ടാക്കാൻ ഇന്ത്യ പൊരുതുകയാണ്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ അവർ 422/7 എന്ന നിലയിലാണ്. തലേന്നത്തെ സ്കോറായ 327/3 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച അവർക്ക് സെഞ്ചുറി നേടിയ സ്മിത്തും ഹെഡ്ഡും ബൗണ്ടറികളിലൂടെ ഇന്ന് മികച്ച തുടക്കം നൽകി.
എങ്കിലും 163 റൺസെടുത്ത ട്രാവിസ് ഹെഡിനെ സിറാജും, 121 റൺസെടുത്ത സ്റ്റീവൻ സ്മിത്തിനെ താക്കൂറും മടക്കിയതോടെ ഇന്ത്യക്ക് അൽപം ആശ്വാസമായി. എങ്കിലും ശക്തമായ ഓസീസ് വാലറ്റത്തെക്കൂടി പെട്ടെന്ന് പുറത്താക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അവർ നേടുന്ന ഓരോ റൺസും മത്സരഫലത്തിൽ നിർണായകമാകും.
മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി ഇറങ്ങിയ സ്പിന്നർ അക്ഷർ പട്ടേൽ, ഇന്ത്യക്കായി സ്വന്തം മിടുക്കുകൊണ്ട് ഒരു വിക്കറ്റ് സമ്മാനിക്കുകയുണ്ടായി. പേസർ മുഹമ്മദ് സിറാജ് എറിഞ്ഞ നൂറ്റിനാലാം ഓവറിന്റെ അഞ്ചാം പന്തിൽ ആയിരുന്നു പട്ടേൽ, മികച്ചൊരു ത്രോയിലൂടെ മിച്ചൽ സ്റ്റാർക്കിനെ റൺഔട്ട് ആക്കിയത്. മിഡ് ഓണിലേക്ക് തട്ടിയിട്ട് സിംഗിൾ നേടാനായിരുന്നു സ്റ്റാർക്കിന്റെ ശ്രമം. എന്നാൽ കുതിച്ചെത്തിയ അക്ഷർ ഞൊടിയിടയിൽ പന്തെടുത്ത്, വായുവിൽ നിന്നുകൊണ്ടുതന്നെ വിക്കറ്റിലേക്ക് ഒരു ബുള്ളറ്റ് ത്രോ എറിയുകയായിരുന്നു. സ്റ്റാർക്ക് ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല.
വീഡിയോ..