തന്റെ രാജ്യാന്തര കരിയറിലെ ആദ്യത്തെ പ്രധാന ടൂർണമെന്റ് കളിക്കുന്ന ഇന്ത്യൻ യുവ പേസ് ബൗളർ അർഷ്ദീപ് സിംഗിന്റെ മികച്ചൊരു പ്രകടനമാണ് ഇന്ന് ഏഷ്യ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ കാണാൻ കഴിഞ്ഞത്. മത്സരത്തിലാകെ രണ്ട് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
അതിൽ ഏറ്റവും മികച്ചുനിന്നത് പാക്ക് ഇന്നിങ്സിലെ അവസാന വിക്കറ്റായിരുന്നു. ഇരുപതാം ഓവറിലെ നാലാം പന്തിൽ തന്നെ സിക്സിനു പറത്തിയ പാക്ക് ബോളർ ഷാനവാസ് ദഹാനിയുടെ വിക്കറ്റ് തൊട്ടടുത്ത പന്തിൽ തന്നെ നേടി പാക്ക് ഇന്നിങ്സിന്റെ അന്ത്യം കുറിച്ചു. വീണ്ടും ഒരിക്കൽ കൂടി ഒരു തൂക്കിയടി സിക്സ് നേടാൻ ശ്രമിച്ച ദഹാനിയുടെ നടു സ്റ്റമ്പ് ഒരു മികച്ച യോർക്കറിലൂടെ തകർക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്വിംങ് കിംഗ് ഭുവനേശ്വർ കുമാറിന്റെ കൂടെ ഇന്ത്യൻ ബോളിങ് ഓപ്പൺ ചെയ്യാൻ എത്തിയത് യുവ താരം അർഷ്ദീപ് സിംഗ് ആയിരുന്നു. വെറും ആറ് അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരങ്ങളുടെ അനുഭവസമ്പത്ത് മാത്രമുള്ള സിംഗ് വളരെ മികച്ച രീതിയിൽ തന്നെ പന്തെറിഞ്ഞു.
തന്റെ ആദ്യ ഓവറിൽ 8 റൺസ് മാത്രം വിട്ടുകൊടുത്ത താരം, രണ്ടാം ഓവറിൽ ആകെ ഒരു ബൗണ്ടറി മാത്രം വഴങ്ങി ബാക്കി എല്ലാം ഡോട്ട് ബോൾ ആക്കി. പാക്ക് വിക്കറ്റ് കീപ്പറും ഓപ്പണറുമായ റിസ്‌വാന് റൺസ് എളുപ്പത്തിൽ നേടാൻ അവസരം കൊടുക്കാതിരുന്ന സിംഗ് പിന്നീട് തന്റെ രണ്ടാം സ്പെല്ലിനായി എത്തിയത് പതിനെട്ടാം ഓവറിൽ.
ആദ്യ പന്തിൽ തന്നെ വിക്കറ്റ്; മുഹമ്മദ് നവാസിനെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്റെ കൈകളിൽ എത്തിച്ചു. പിന്നീട് ആ ഓവറിൽ ഹാരിസ് റൗഫ് രണ്ട് ബൗണ്ടറി നേടിയെങ്കിലും ബാക്കി പന്തുകൾ ഡോട്ട് ബോൾ എറിയാൻ സാധിച്ചു. അവസാന ഓവറിലെ രണ്ടാം പന്തിൽ റൗഫിന്റെ വിക്കറ്റ് നേടാൻ അവസരം ഉണ്ടായെങ്കിലും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പന്ത് കൈപ്പിടിയിൽ ഒതുക്കാനായില്ല.
മത്സരത്തിൽ 3.5 ഓവറിൽ 33 റൺസ് വഴങ്ങി 2 വിക്കറ്റ് ആണ് അദ്ദേഹത്തിന്റെ ബോളിങ് പ്രകടനം. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് താരമാണ് ഇടംകയ്യെൻ പേസറായ അദ്ദേഹം. മികച്ചൊരു സ്ലോഗ് ഓവർ സ്പെഷലിസ്റ്റ് ബോളർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഇന്ത്യക്കായി 2018ലെ അണ്ടർ 19 ലോകകപ്പിലൂടെയാണ് താരം വരവറിയിച്ചത്.
സിക്സ് അടിച്ചു ഷോ ഇട്ടവനെ അടുത്ത ബോളിൽ നടു സ്റ്റമ്പ് തെറിപ്പിച്ചു അർഷ്ദീപ് സിംഗ് വീഡിയോ കാണാം.