ക്രിക്കറ്റ് പ്രേമികൾ ഏറെ കാത്തിരുന്ന ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിൽ, ടോസ്സ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ പാക്കിസ്ഥാൻ മുൻനിരയ്ക്ക് കാലിടറി, മൂന്നാമത്തെ ഓവറിൽ ഭുവനേശ്വർ കുമാർ നായകനും സൂപ്പർ താരവുമായ ബാബർ അസമിനെ വീഴ്ത്തിക്കൊണ്ടാണ് പാകിസ്താന് ആദ്യ പ്രഹരം എല്പിച്ചത്.
മറുവശത്ത് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ (43) നന്നായി കളിച്ചെങ്കിലും ഇടവേളകളിൽ വിക്കറ്റ് വീണതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായി, ആറാം ഓവറിൽ ആവേശ് ഖാൻ എറിഞ്ഞ ബോളിൽ ഓഫ് സൈഡിലേക്ക് കട്ട് ചെയ്യാൻ ശ്രമിച്ച ഫഖർ സമാന്റെ ബാറ്റിന്റെ അരികിലൂടെ ബോൾ കടന്നു പോയി, പെട്ടന്ന് തന്നെ ക്രീസിൽ നിന്നിറങ്ങി നടന്നു പോകുന്ന ഫഖർ സമാനെ കണ്ട് ഇന്ത്യൻ കളിക്കാരും കാണികളും അത്ഭുതപ്പെട്ടു,
കാരണം ഇന്ത്യൻ കളിക്കാർ അപ്പീൽ പോലും ചെയ്തിരുന്നില്ല ആ ഔട്ടിനായി, പക്ഷെ ഫഖർ സമാനു മാത്രം അറിയാമായിരുന്നു തന്റെ ബാറ്റിൽ ബോൾ ടച്ച് ചെയ്തിനു എന്ന്, ആരുടേയും അപ്പീലിനോ വിധിക്കോ കാത്തു നിൽക്കാതെ ക്രീസ് വിട്ട് ഫഖർ സമാൻ നടന്നു കയറിയത് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിലേക്കായിരുന്നു.
റിസ്‌വാനും 28 റൺസ് എടുത്ത ഇഫ്തിഖാർ അഹമ്മദ് ഉം ചേർന്ന് പാക്കിസ്ഥാൻ സ്കോർ ചലിപ്പിച്ചെങ്കിലും ഇരുവരെയും വീഴ്ത്തി ഹാർദിക്ക് പാണ്ഡ്യ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു, പിന്നീട് വന്ന പാകിസ്താന്റെ ഓരോ ബാറ്ററും ഡ്രസ്സിങ്ങ് റൂമിലേക്ക് ഘോഷയാത്ര നടത്തിയപ്പോൾ 128/9 എന്ന നിലയിൽ പാക്കിസ്ഥാൻ കൂപ്പു കുത്തി,
എന്നാൽ വാലറ്റക്കാരായ ഹാരിസ് റൗഫ് ഉം (13) ഷാനവാസ് ദഹാനിയും (16) ചേർന്ന് അവസാന ഓവറുകളിൽ ചെറുത്ത് നിന്നപ്പോൾ പാക്കിസ്ഥാൻ 147 എന്ന മാന്യമായി സ്കോറിൽ എത്തി, ഇന്ത്യക്കായി ഭുവനേശ്വർ കുമാർ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹാർദിക്ക് പാണ്ഡ്യ 3 വിക്കറ്റും അർഷ്ദീപ് സിംഗ് 2 വിക്കറ്റും നേടിക്കൊണ്ട് ഇന്ത്യക്കായി തിളങ്ങി.
ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തില്ല ,പക്ഷേ കളം വിട്ടു ഫക്കാർ സമാൻ ;വീഡിയോ കാണാം
Written by: അഖിൽ. വി. പി. വള്ളിക്കാട്.