ബാബർ അസം സ്പെഷ്യൽ ഇന്നിങ്സ് ഇത്തവണയില്ല, ഇന്ത്യക്ക് മികച്ച തുടക്കം. ഏഷ്യ കപ്പ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്ന ഇന്ത്യാ-പാകിസ്ഥാൻ പോരാട്ടത്തിൽ മികച്ച തുടക്കം ലഭിച്ചത് ടീം ഇന്ത്യക്ക്. പാക്ക് നായകൻ ബാബർ അസമിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ സ്വന്തമാക്കി ഇന്ത്യ.
സ്വിംഗ് കിംഗ് ഭുവനേശ്വർ കുമാർ എറിഞ്ഞ മൂന്നാം ഓവറിന്റെ നാലാം പന്തിലാണ് അസം പുറത്തായത്. ഭുവി എറിഞ്ഞ ഷോർട്ട് പിച്ച് പന്തിൽ ഒരു മികച്ച പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച ബാബറിന് പിഴച്ചു. പന്ത് ടോപ് എഡ്ജ് ആയി ഷോർട്ട് ഫൈനിൽ നിന്ന അർഷദീപിന്റെ കൈകളിൽ ഭദ്രം. അതോടെ ഗാലറിയിൽ ഇന്ത്യൻ ആരാധകരുടെ ആവേശം വാനോളം ഉയർന്നു.
ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിലും അർശദീപ് സിംഗ് എറിഞ്ഞ രണ്ടാം ഓവറിലും ഓരോ മികച്ച സ്ട്രൈറ്റ് ഡ്രൈവ് ബൗണ്ടറി നേടി ഇന്ന് തന്റെ ദിവസമാണ് എന്ന് ഒരു വേള ആരാധകരേ തോന്നിപ്പിച്ചതിന് ശേഷമായിരുന്നു ബാബറിന്റെ പെട്ടെന്നുള്ള മടക്കം. ഇതോടെ ആർപുവിളികളുമായി നിന്ന പാക്ക് ആരാധകരും നിശബ്ദമായി. 9 പന്തിൽ നിന്നും 10 റൺസാണ് ഇന്ന് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞത്.
നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഋഷബ് പന്തിനെ പുറത്തിരുത്തി ദിനേശ് കാർത്തികിനെ വിക്കറ്റ് കീപ്പർ/ഫിനിഷർ ആയി ടീമിൽ ഉൾപ്പെടുത്തി. സ്പിന്നർമാരായി ചാഹലും ജഡേജയും ടീമിൽ ഇടം പിടിച്ചപ്പോൾ അശ്വിന് അവസരം ലഭിച്ചില്ല. മൂന്നാം സ്പിന്നറിന് പകരം എക്സ്ട്രാ പേസർ ആവേശ് ഖാനെ ടീമിൽ ഉൾപ്പെടുത്തിയതും ഒരു ധീരമായ തീരുമാനമായി.
ഓപ്പണർമാരായി നായകൻ രോഹിത് ശർമയും ഉപനായകൻ കെ എൽ രാഹുലും, വൺ ഡൗണായി കോഹ്‌ലിയും, നാലാം നമ്പറിൽ സൂര്യ കുമാർ യാദവും ഇറങ്ങും. ഓൾറൗണ്ടർ ആയി ഹർദിക്കും ജഡേജയും ടീമിൽ ഇടം പിടിച്ചപ്പോൾ പേസർമാരായി ഭുവിയും അർഷദീപ് സിംഗും ആവേശും ഉൾപ്പെട്ടു.
കാൽമുട്ടിനു പരുക്കേറ്റ് ടൂർണമെന്റിൽ നിന്നും പുറത്തായ പാക്ക് പേസർ ഷഹീൻ ഷാ അഫ്രീദി ഗാലറിയിൽ ടീമിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. യുവതാരം നസീം ഷാക്ക് ട്വന്റി ട്വന്റി അരങ്ങേറ്റം ലഭിച്ചു. കോവിഡ് ഭേദമായി ഇന്ത്യയുടെ കോച്ച് രാഹുൽ ദ്രാവിഡ് ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത്.
പാകിസ്താൻ രാജാവിനെ സ്വിങ്ങുകളുടെ രാജാവ് അങ്ങ് തീർത്തിട്ടുണ്ട് !ബാബറെ പുറത്താക്കി ഭുവി : വീഡിയോ കാണാം.