റോഡ് സേഫ്റ്റി സീരിസിലെ ഇന്ത്യൻ ലെജൻഡ്സും ശ്രീലങ്ക ലെജൻഡ്സും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കർ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, എന്നാൽ ആദ്യ ഓവറിൽ തന്നെ പൂജ്യത്തിന് നുവാൻ കുലശേഖരയുടെ ബോളിൽ സച്ചിൻ ക്ലീൻ ബൗൾഡ് ആവുകയായിരുന്നു പിന്നാലെ 4 റൺസ് എടുത്ത സുരേഷ് റൈനയെയും കുലശേഖര വീഴ്ത്തി, 19/2 എന്ന നിലയിലായ ഇന്ത്യയെ പിന്നീട് ക്രീസിൽ ഒത്തു ചേർന്ന നമൻ ഓജയും(108*) വിനയ് കുമാറും(36) കരകയറ്റുകയായിരുന്നു, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 90 റൺസിന്റെ കൂട്ട്കെട്ട് പണിതുയർത്തി.
സെഞ്ച്വറി നേടിയ നമൻ ഓജയുടെ ഇന്നിങ്ങ്സ് മികവിൽ ആണ് 195/6 എന്ന മികച്ച ടോട്ടലിലേക്ക് ഇന്ത്യ എത്തിയത്, 71 ബോളിൽ 15 ഫോറും 2 സിക്സും അടക്കമാണ് നമൻ ഓജ 108* റൺസ് നേടിയത്, ശ്രീലങ്കൻ ബോളർമാരെ ആക്രമിച്ച് കളിച്ച് ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച് നമൻ ഓജ നിറഞ്ഞാടിയപ്പോൾ ലങ്കൻ ബോളർമാർക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല, ഒടുവിൽ നിശ്ചിത 20 ഓവറിൽ 195/6 എന്ന നിലയിൽ എത്തുകയായിരുന്നു ഇന്ത്യ, ശ്രീലങ്കയ്ക്കായി 3 വിക്കറ്റ് വീഴ്ത്തിയ കുലശേഖരയും 2 വിക്കറ്റ് വീഴ്ത്തിയ ഇസിരു ഉദാനയും ബോളിങ്ങിൽ തിളങ്ങി.
വലിയ വിജയ ലക്ഷ്യം നേടാനായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഇന്ത്യ ആദ്യ പ്രഹരം ഏൽപ്പിച്ചു, അപകടകാരിയായ സനത് ജയസൂര്യയുടെ വിക്കറ്റ് നേടി വിനയ് കുമാർ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, 5 റൺസ് എടുത്ത ജയസൂര്യയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു വിനയ് കുമാർ, ബാറ്റിങ്ങിലും തിളങ്ങിയ വിനയ് കുമാർ തുടക്കത്തിൽ തന്നെ ജയസൂര്യയെയും വീഴ്ത്തി മത്സരത്തിൽ ഇന്ത്യയെ മുന്നിലെത്തിച്ചു.