റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യ ലജൻഡ്സ് ടീമിന് കിരീടനേട്ടം. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ 33 റൺസിനാണു ശ്രീലങ്കൻ ടീമിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ വിജയം. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടന്നത്. ഇന്ത്യ തന്നെയാണ് കഴിഞ്ഞ വർഷവും ജേതാക്കളായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നായകൻ സച്ചിൻ തെണ്ടുൽക്കർ നേരിട്ട ആദ്യ പന്തിൽ തന്നെ ക്ലീൻ ബോൾഡ് ആയി, നുവാൻ കുലശേഖര ആയിരുന്നു ബോളർ. നാല് റൺസ് എടുത്ത റൈനയേയും അദ്ദേഹം പുറത്താക്കിയതോടെ ഇന്ത്യ പതറി. എങ്കിലും നാലാമനായി സ്ഥാനക്കയറ്റം ലഭിച്ചു വന്ന ബോളർ വിനയ് കുമാർ മികച്ച ഒരു ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. ഓപ്പണർ നാമാൻ ഓജയേ കൂട്ടുപിടിച്ച് ഇന്ത്യൻ സ്കോർ ഉയർത്തി.
21 പന്തിൽ 4 ഫോറും 1 സിക്സും ഉൾപ്പെടെ 36 റൺസ് നേടി വിനയ് പുറത്തായി എങ്കിലും മറ്റുള്ളവരുടെ ചെറിയ ചെറിയ കൂട്ടുകെട്ടിൽ കളിച്ച ഓജ തന്റെ സെഞ്ചുറി നേട്ടം പൂർത്തിയാക്കി. 71 പന്തിൽ 108 റൺസ് എടുത്ത് ഓജ പുറത്താകാതെ നിന്നു. 15 ഫോറും 2 സിക്സും നിറം ചാർത്തിയ ഇന്നിങ്സ്. നിശ്ചിത ഇരുപത് ഓവറിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി.
കൂറ്റൻ സ്കോർ പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കൻ താരങ്ങളെ നിലയുറപ്പിക്കാൻ അനുവദിക്കാതെ ഇന്ത്യൻ ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി. 22 പന്തിൽ നാലു വീതം ഫോറും സിക്‌സും അടക്കം 51 റൺസ് നേടിയ ഇശാൻ ജയരത്നക്ക് മാത്രമേ അൽപ്പമെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. വിനയ് കുമാർ മൂന്ന് വിക്കറ്റും അഭിമന്യു മിഥുൻ രണ്ട് വിക്കറ്റും നേടി തിളങ്ങി. 18.5 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്തായി.
ശ്രീലങ്കൻ ബാറ്റിംഗ് സമയത്ത് സുരേഷ് റെയ്നയുടെ ഒരു പ്രവർത്തി ഗ്രൗണ്ടിൽ ചിരിപടർത്തി. അഭിമന്യു മിഥുൻ എറിഞ്ഞ അഞ്ചാം ഓവറിനിടെയായിരുന്നു സംഭവം. ഒരു റൺ നേടാൻ ശ്രമിച്ച തിലകരത്ന ദിൽഷൻ പിന്നീട് ക്രീസിൽ മടങ്ങിയെത്തി എങ്കിലും ഫീൽഡറുടെ ഏറ് വിക്കറ്റിൽ തട്ടി പന്ത് കുറച്ചുമാറി വീണു. അതോടെ വീണ്ടും സിംഗിൾ നേടാൻ ശ്രമിച്ച ദിൽഷന്റെ നേർക്ക് പന്തുമായി റൈന പാഞ്ഞെത്തി. ഇനി ഓടിയാൽ ഞാൻ പുറത്താക്കും എന്ന മട്ടിൽ. അതോടെ രൈനയെ കെട്ടിപിടിച്ചു ഞാൻ ഇനി ഓടുന്നില്ല എന്ന് പറഞ്ഞ് ദിൽശൻ യാത്രയാക്കി.
ടൂർണമെന്റിൽ ഉടനീളം ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഒരുപോലെ മികവ് തെളിയിച്ച ശ്രീലങ്കൻ നായകൻ ദിൽശനാണ് ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സെഞ്ചുറി നേടിയ നമൻ ഓജായും