ഇന്ത്യയുടെ ഒന്നാം നമ്പർ പേസർ ജസ്പ്രീത് ബൂംറ ഏറെക്കാലമായി പരുക്കിന്റെ പിടിയിലായിരുന്നു. ബാക്ക് ഇൻജുറി മൂലം അദ്ദേഹത്തിന് യുഎഇയിൽ വച്ച് നടന്ന ഏഷ്യ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇന്ത്യൻ ബോളിങ് നിരയുടെ കുന്തമുനയായ ബൂംറ ഇല്ലാതെ ഇറങ്ങിയ ഇന്ത്യൻ ടീമിന്റെ ഏറ്റവും മോശം ഏഷ്യ കപ്പ് ടൂർണമെന്റുകളിൽ ഒന്നായിരുന്നു അത്. 7 തവണ ചാമ്പ്യൻമാരായ ടീം ഇന്ത്യ ഫൈനൽ പോലും കാണാതെ പുറത്താവുകയായിരുന്നു. ഫൈനലിൽ പാക്കിസ്ഥാനെ കീഴടക്കി ശ്രീലങ്കയാണ് ജേതാക്കളായത്.
പിന്നീട് എല്ലാവരുടെയും ശ്രദ്ധ അദ്ദേഹം ഒക്ടോബർ മാസത്തിൽ ഓസ്ട്രേലിയയിൽവെച്ച് നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിൽ പങ്കെടുക്കുമോ എന്നതായിരുന്നു. എങ്കിലും പരുക്ക് ഭേദമായി വന്നതോടെ ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു. അതിനിടയിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ നടന്ന ട്വന്റി ട്വന്റി പരമ്പരയിൽ ടീമിൽ ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് വീണ്ടും ബാക്ക് ഇൻജുറി ഉണ്ടാവുകയും പകരം മുഹമ്മദ് സിറാജിനെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
എങ്കിലും ലോകകപ്പ് ടൂർണമെന്റിന് മുമ്പായി അദ്ദേഹം കായികക്ഷമത വീണ്ടെടുക്കും എന്ന് കരുതി സെലക്ടർമാർ കാത്തിരുന്നു. പക്ഷേ അത് സാധ്യമാകാതെ വരികയും ഒടുവിൽ അദ്ദേഹത്തിന് പകരം സീനിയർ താരം മുഹമ്മദ് ഷമിയെ ടീമിൽ പകരമായി ഉൾപ്പെടുത്തുകയും ചെയ്തു. ഷമി ലോകകപ്പിൽ മികച്ച പ്രകടനം തന്നെ നടത്തിയെങ്കിലും ടീം ഇന്ത്യ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്താവുകയാണ് ഉണ്ടായത്.
ഇപ്പോൾ താരം മത്സരക്രിക്കറ്റിലേക്ക് തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്ന് ബൂംറ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ അതിനെ സൂചിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും പങ്കുവച്ചിരിക്കുകയാണ്. ഫിറ്റ്നെസ് ട്രെയിനിങ് നടത്തുന്നതിന്റെയും ഗ്രൗണ്ടിൽ ചുവടുകൾ വച്ച് ഓടുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ, ‘ഒരിക്കലും എളുപ്പമല്ല, എങ്കിലും വളരെ വിലപ്പെട്ടത്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുകയാണ്. തന്റെ തിരിച്ചുവരവിൽ ആരാധകരുടെ ആവേശം ഉയർത്താനായി പോസ്റ്റ് ചെയ്തതാണെങ്കിലും നേർവിപരീതമായാണ് അവരുടെ പ്രതികരണങ്ങൾ. ‘കൃത്യമായി ഐപിഎല്ലിന്റെ സമയത്തേക്ക് പൂർണ്ണ ഫിറ്റ് ആയല്ലോ’, ‘രാജ്യത്തിന് കളിക്കുമ്പോൾ വിലയില്ല.. ഐപിഎൽ കളിക്കാൻ നേരമാകുമ്പോൾ വളരെ വിലപ്പെട്ടത്’ എന്നൊക്കെയാണ് കമന്റുകൾ നിറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ വെളുക്കാൻ തേച്ചത് പാണ്ടായിപ്പോയി എന്നു പറയുന്ന അവസ്ഥയിലായി കാര്യങ്ങൾ.