അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന് ഭീഷണിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. അടുത്ത വർഷം നടക്കുന്ന ഏഷ്യാകപ്പിനായി പാകിസ്ഥാനിൽ ഇന്ത്യൻ ടീം വരില്ലെന്നും നിഷ്പക്ഷരാജ്യത്തായി മത്സരം നടത്തണമെന്നും ബിസിസിഐ സെക്രട്ടറി ജയ്ഷാ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് റമീസ് രാജ ഈ പ്രഖ്യാപനവുമായി എത്തിയത്.
2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാക്കിസ്ഥാനിലേക്ക് ഒരു മത്സരത്തിനായും പോയിട്ടില്ല. പാകിസ്ഥാനാകട്ടെ 2012ലാണ് അവസാനമായി ഇന്ത്യയിലേക്ക് പര്യടനം നടത്തിയത്. ഏഷ്യക്കപ്പിനായി പാകിസ്ഥാനിലേക്ക് ഇന്ത്യൻ ടീം വരില്ലെന്ന് പറഞ്ഞത് മുതൽ പ്രശ്നം രൂക്ഷമായിരിക്കുകയാണ്.
“ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുത്തിലെങ്കിൽ പിന്നെ ആര് ലോകകപ്പ് കാണാൻ ഉണ്ടാവുമെന്ന് നോക്കാം. ഞങ്ങൾക്ക് വ്യക്തമായ നിലപാടുണ്ട്. ഇന്ത്യൻ ടീം ഏഷ്യാകപ്പിനായി പാകിസ്ഥാനിലേക്ക് വന്നാൽ മാത്രം ഞങ്ങൾ ലോകകപ്പ് കളിക്കും. ഇല്ലെങ്കിൽ ഞങ്ങളില്ലാതെ അവർ ലോകകപ്പ് കളിക്കേണ്ടിവരും” റമീസ് രാജ പറഞ്ഞു.
ഏറെ നാളുകൾക്ക് ശേഷം പാകിസ്ഥാനിലേക്കുള്ള മറ്റ് രാജ്യങ്ങളുടെ പര്യടനം ആരംഭിച്ചിരിക്കുകയാണ്. അടുത്തിടെ വെസ്റ്റ് ഇൻഡീസും ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് പര്യടനം നടത്തിയിരുന്നു. അടുത്ത മാസം തുടക്കത്തിൽ ഇംഗ്ലണ്ടുമായി ടെസ്റ്റ് സീരീസും നടക്കും.
അതേസമയം സാമ്പത്തികമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പ്രശ്നങ്ങൾ ഉള്ളതിനാൽ ലോകക്കപ്പ് പോലുള്ള വലിയ ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതും പാകിസ്ഥാൻ തന്നെ തിരിച്ചടിയാണ്.