റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിനു ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ അവർ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എടുത്തു. അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ ഡെവൺ കോൺവേയുടെയും ഓൾറൗണ്ടർ ഡാരിൽ മിച്ചലിന്റെയും ഇന്നിംഗ്സുകൾ അവർക്ക് നിർണായകമായി. മറ്റൊരു ഓപ്പണർ ഫിൻ അലൻ 35 റൺസും എടുത്തു. ഇന്ത്യക്കായി സ്പിന്നർ വാഷിങ്ടൺ സുന്ദർ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ, കുൽദീപ് യാദവ്, ശിവം മാവി, അർഷദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മത്സരത്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ കിടിലൻ ഡയറക്ട് ത്രോയിൽ ഒരു റൺഔട്ട് നേടിയിരുന്നു. പേസർ അർഷദീപ് സിംഗ് എറിഞ്ഞ പതിനെട്ടാം ഓവറിന്റെ അഞ്ചാം പന്തിൽ സ്ട്രൈക്കിൽ ഉണ്ടായിരുന്നത് ഡരിൽ മിച്ചൽ. പന്ത് ബാറ്റിൽ കൊള്ളിക്കാൻ കഴിയാതിരുന്ന അദ്ദേഹത്തിന്റെ പാഡിൽ തട്ടി പന്ത് വിക്കറ്റിന് പിന്നിലേക്ക് പോയി. ഞൊടിയിടയിൽ സിംഗിൾ നേടാനായി ന്യൂസിലൻഡ് താരങ്ങൾ കുതിച്ചു.
എങ്കിലും നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന അപകടകാരിയായ ഫിനിഷർ മൈക്കൽ ബ്രെയിസ്വെൽ ക്രീസിലെത്തും മുൻപേ, തന്റെ ഇടതുവശത്ത് നിന്ന് പന്തെടുത്ത് കിഷൻ അതിവേഗം വിക്കറ്റിൽ എറിഞ്ഞ് കൊള്ളിക്കുകയായിരുന്നു. തുടർന്ന് ഫീൽഡ് അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിടുമ്പോൾ തന്റെ ചൂണ്ടുവിരൽ ഉയർത്തി വിക്കറ്റ് തന്നെയാണെന്ന കിഷന്റെ സിഗ്നൽ വളരെ ശരിയാണെന്ന് റീപ്ലേയിൽ തെളിഞ്ഞു.
വീഡിയോ :