മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ സാന്നിധ്യത്തിൽ ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ കിവീസിന് വിജയത്തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എടുത്തപ്പോൾ ഇന്ത്യയുടെ മറുപടി 9 വിക്കറ്റിന് 155 റൺസിൽ ഒതുങ്ങി. ഓപ്പണർമാരായ ഡെവൺ കോൺവേ(52), ഫിൻ അലൻ(35), ഓൾറൗണ്ടർ ഡാരിൽ മിച്ചൽ(59*) എന്നിവർ കിവീസ് നിരയിൽ തിളങ്ങി. 3 ഫോറും 5 സിക്സും പറത്തിയ മിച്ചലാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 3.1 ഓവറിൽ 15 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായിരുന്നു. ഗിൽ(7), കിഷൻ(4), രാഹുൽ ത്രിപാഠി(0) എന്നിവർ സ്കോറർമാർക്ക് അധികം പണിയുണ്ടാക്കാതെ വേഗം മടങ്ങിയപ്പോൾ നാലാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ പാണ്ഡ്യയും സൂര്യകുമാർ യാദവും ചേർന്നാണ് 68 റൺസ് കൂട്ടുകെട്ടോടെ ഇന്ത്യയെ കരകയറ്റിയത്. 47 റൺസ് എടുത്ത സൂര്യയും 21 റൺസ് എടുത്ത പാണ്ഡ്യയും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ ഇന്ത്യ വീണ്ടും പരുങ്ങലിലായി.
ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും ധീരതയോടെ ബാറ്റ് വീശിയ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ ഇന്ത്യയുടെ പരാജയഭാരം കുറച്ചു എന്നുപറയാം. 28 പന്തിൽ നിന്നും 5 ഫോറും 3 സിക്സും അടക്കം പറത്തി തന്റെ കന്നി ട്വന്റി ട്വന്റി അർദ്ധസെഞ്ചുറി നേടിയ ശേഷമാണ് അദ്ദേഹം അവസാന ഓവറിലെ അഞ്ചാം പന്തിൽ മടങ്ങിയത്.
അതോടെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു എന്നു കരുതിയ ന്യൂസിലൻഡ് താരങ്ങൾ പരസ്പരം കൈകൊടുക്കാൻ ആരംഭിച്ചു. എങ്കിലും ഇന്ത്യയുടെ ഒൻപതാമത്തെ വിക്കറ്റ് ആയിരുന്നു അത്. പേസർ ഉമ്രാൻ മാലിക് ബാറ്റ് ചെയ്യാൻ ഇറങ്ങാൻ ബാക്കിയുണ്ടായിരുന്നു. ഒരു പന്ത് ശേഷിക്കെ ക്രീസിലെത്തിയ അദ്ദേഹം കണ്ണുംപൂട്ടി ഒരു ഷോട്ട് കളിച്ചപ്പോൾ പന്ത് എഡ്ജ് എടുത്ത് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ പോയി ബൗണ്ടറി കടന്നു. പോരാത്തതിന് എക്സ്പ്രസ് പേസർ ലോക്കി ഫെർഗൂസൻ എറിഞ്ഞ പന്ത് കൂടിയായിരുന്നു. എങ്കിലും ഒടുവിൽ ന്യൂസിലാന്റിന് 21 റൺസ് ജയം.
വീഡിയോ :