Categories
Cricket Latest News Video

എന്ത് ഷോ ആണ് ഇവൻ ! മത്സര ശേഷം നടുവിരൽ കാണിച്ചു ഹർധിക് പാണ്ഡ്യ ; വൈറലായി വീഡിയോ

അവസാന ഓവറിലേക്ക് നീണ്ട മറ്റൊരു ത്രില്ലർ പോരാട്ടത്തിനു കൂടിയാണ് ഇന്നലെ രാത്രി ഐപിഎൽ സാക്ഷ്യംവഹിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഹോംടീമായ ഗുജറാത്ത് ടൈറ്റൻസിനെ 3 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ഫൈനൽ ഉൾപ്പെടെ കഴിഞ്ഞ സീസണിൽ മൂന്നുതവണ ഏറ്റുമുട്ടിയപ്പോഴും രാജസ്ഥാന് തോൽക്കാനായിരുന്നു വിധി. എങ്കിലും മികച്ച ടീം വർക്കോടെ അവർ ഇന്നലെ വിജയം പിടിച്ചെടുക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയത്. രാജസ്ഥാൻ 19.2 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ 46 റൺസെടുത്ത ഡേവിഡ് മില്ലറിന്റെയും 45 റൺസെടുത്ത ഓപ്പണർ ഗില്ലിന്റെയും മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. 28 റൺസ് നേടിയ നായകൻ പാണ്ഡ്യയും 27 റൺസ് എടുത്ത അഭിനവ് മനോഹറും മികച്ച പിന്തുണ നൽകി. വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ബറ്റ്‌ലറെയും ജൈസ്വാളിനെയും നഷ്ടമായി. പേസർമാരായ ഷമിയും നായകൻ പാണ്ഡ്യയും മികച്ച സ്വിങ് കണ്ടെത്തിയപ്പോൾ ബാറ്റിംഗ് ദുഷ്കരമായി. എങ്കിലും ദേവദത്ത് പഠിക്കലും നായകൻ സഞ്ജുവും ചേർന്ന് അവരെ മുന്നോട്ടു നയിച്ചു.

26 റൺസെടുത്ത പഠിക്കലിനെയും പിന്നീടെത്തിയ റിയാൻ പരാഗിനെയും റാഷിദ് ഖാൻ മടക്കി. പിന്നീട് കണ്ടത് ഹേറ്റ്മയറിന്റെയും സഞ്ജുവിന്റെയും അഴിഞ്ഞാട്ടമായിരുന്നു. റാഷിദ് ഖാനെ ഒരോവറിൽ ഹാട്രിക് സിക്സ് പറത്തിയ സഞ്ജു രാജസ്ഥാന് മുൻതൂക്കം നൽകി. 32 പന്തിൽ 60 റൺസെടുത്ത സഞ്ജു, അരങ്ങേറ്റമത്സരം കളിക്കുന്ന ഗുജറാത്തിന്റെ ഇംപാക്ട് പ്ലെയർ നൂർ അഹമ്മദിന്റെ പന്തിൽ മടങ്ങിയതോടെ വീണ്ടുമൊരു ട്വിസ്റ്റ്. എങ്കിലും പുറത്താകാതെ നിന്ന ഹേറ്റ്മയർ തന്റെ അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കി ടീമിനെ വിജയത്തിൽ എത്തിച്ചു. സഞ്ജു പുറത്തായശേഷം എത്തിയ ധ്രുവ് ജുരെൽ 10 പന്തിൽ 18 റൺസും അശ്വിൻ 3 പന്തിൽ 10 റൺസും എടുത്തതും മത്സരത്തിൽ വഴിത്തിരിവായി.

മത്സരം കഴിഞ്ഞുള്ള നായകൻ പാണ്ഡ്യയുടെ പ്രസന്റേഷൻ സമയത്തെ ഒരു നിമിഷം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജസ്ഥാൻ ബാറ്റിംഗ് നിര തകർന്നപ്പോൾ വളരെയധികം സന്തോഷവാനായി കാണപ്പെട്ട അദ്ദേഹം, പക്ഷേ അവർ വിജയത്തിലേക്ക് നീങ്ങിയപ്പോൾ നിരാശയായിരുന്നു ഫലം. ഹർഷ ഭോഗ്ലെയുമായി നടത്തിയ അഭിമുഖത്തിനിടെ പാണ്ഡ്യ തന്റെ നടുവിരൽ ഉയർത്തുകയും മീശയിൽ തടവുകയും ചെയ്യുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ഹർഷയുടെ ചോദ്യങ്ങളോട് നീരസം പ്രകടിപ്പിച്ചതാണോ അതോ തോൽവിയിലുള്ള നിരാശമൂലം ചെയ്തതാണോ എന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *