Categories
Uncategorized

ഇതിനും പിഴയോ ? അതിര് വിട്ട ഈ ആഘോഷത്തിന് കോഹ്‌ലിക്ക് പിഴ കിട്ടി ; വീഡിയോ പുറത്ത്

ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ ഇന്നലെ രാത്രി നടന്ന തീപാറും പോരാട്ടത്തിൽ ചെന്നൈ 8 റൺസ് വിജയം നേടിയിരുന്നു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് നേടിയപ്പോൾ ബംഗളൂരുവിന്റെ പോരാട്ടം 20 ഓവറിൽ 8 വിക്കറ്റിന് 218 റൺസിൽ അവസാനിക്കുകയായിരുന്നു. 62 റൺസെടുത്ത നായകൻ ഡു പ്ലസിയും 76 റൺസെടുത്ത ഗ്ലെൻ മാക്സ്‌വെല്ലും പൊരുതിനോക്കിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ 3 റൺസെടുത്ത ഓപ്പണർ ഋതുരാജിനെ തുടക്കത്തിൽതന്നെ നഷ്ടമായ ചെന്നൈയ്ക്ക് രഹാനെയും കോൺവെയും ചേർന്ന 74 റൺസിന്റെ കൂട്ടുകെട്ടാണ് രക്ഷയ്ക്കെത്തിയത്. രഹാനെ 20 പന്തിൽ 37 റൺസും കോൺവേ 45 പന്തിൽ ആറു വീതം ഫോറും സിക്സും അടക്കം 83 റൺസുമാണ്‌ നേടിയത്. കോൺവെ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീടെത്തിയ ഇടംകൈയ്യൻ ബാറ്റർ ശിവം ദുബെയുടെ വെടിക്കെട്ട് ഇന്നിങ്സും കൂറ്റൻ സ്കോർ നേടുന്നതിൽ ചെന്നൈയെ സഹായിച്ചു. 27 പന്തിൽ നിന്നും 52 റൺസ് നേടിയാണ് അദ്ദേഹം പുറത്തായത്.

ഇന്നലത്തെ മത്സരശേഷം ഐപിഎൽ അധികൃതർ, ബംഗളൂരു താരം വിരാട് കോഹ്‌ലിയ്‌ക്ക് മാച്ച് ഫീയുടെ 10% പിഴ ചുമത്തിയിരിക്കുകയാണ്. ഐപിഎൽ പെരുമാറ്റചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമുള്ള ലെവൽ ഒന്ന് കുറ്റമാണ് കോഹ്‌ലി ചെയ്തതായി കണ്ടെത്തിയത്‌. ഇന്നലെ പേസർ മുഹമ്മദ് സിറാജിന്റെ പന്തിൽ ശിവം ദുബേയുടെ വിക്കറ്റ് നേട്ടം അമിതമായി ആഘോഷിച്ചതിനാണ് പിഴ ചുമത്തിയത്. മികച്ച ഫോമിൽ ബാറ്റ് ചെയ്തിരുന്ന അദ്ദേഹത്തിന്റെ വിക്കറ്റ്, അന്നേരം ബംഗളൂരു അത്രയധികം ആഗ്രഹിച്ചിരുന്നു. പക്ഷേ കോഹ്‌ലിയുടെ ആവേശം അതിരുവിടുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ 6 റൺസെടുത്ത കോഹ്‌ലി ആദ്യ ഓവറിൽതന്നെ ക്ലീൻ ബോൾഡായി മടങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *