ഐപിഎൽ പതിനാറാം സീസണിലെ ഒന്നാം ക്വാളിഫയർ മത്സരത്തിൽ ചെന്നൈയ്ക്കേതിരെ ഗുജറാത്ത് ടൈറ്റൻസിന് 173 റൺസ് വിജയലക്ഷ്യം. ചെന്നൈ ചെപ്പൊക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് നേടിയത്. ഓപ്പണർമാരായ ഗെയ്ക്വാദ് 60 റൺസും കോൺവെ 40 റൺസും എടുത്തു ടോപ് സ്കോറർമാരായി. ജഡേജ 16 പന്തിൽ 22 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ 13 ഓവറിൽ 88 റൺസിൽ ഗുജറാത്തിന്റെ 5 മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിൽ പിടിമുറുക്കിയിരിക്കുകയാണ്. സാഹ 12 റൺസും നായകൻ പാണ്ഡ്യ 8 റൺസും എടുത്തു മടങ്ങിയപ്പോൾ, ഒരറ്റത്ത് ഗിൽ മാത്രം പിടിച്ചുനിന്നു. അതിനുശേഷം എത്തിയ ശനക 17 റൺസും മില്ലർ വെറും 4 റൺസും എടുത്തു പുറത്തായി. ഒടുവിൽ 38 പന്തിൽ 42 റൺസെടുത്ത ഗില്ലും പുറത്ത്.
പേസർ ദീപക് ചഹർ എറിഞ്ഞ പതിനാലാം ഓവറിന്റെ ആദ്യ പന്തിൽ പുൾഷോട്ട് കളിക്കാൻ ശ്രമിച്ച അദ്ദേഹം, ഫൈൻ ലെഗ് ബൗണ്ടറിയിൽ ക്യാച്ചെടുത്ത് പുറത്താവുകയാണ് ഉണ്ടായത്. തൊട്ടടുത്ത പന്തിൽ ഒരു രസകരമായ നിമിഷം അരങ്ങേറിയിരുന്നു. പന്ത് എറിയാൻ ഓടിയെത്തിയ ചഹർ, അത് നോൺസ്ട്രൈക്കർ എൻഡിലെ വിക്കറ്റിൽ കൊള്ളിക്കുകയായിരുന്നു. പക്ഷേ അവിടെ നിൽപ്പുണ്ടായിരുന്ന വിജയ് ശങ്കർ ക്രീസിൽ നിന്നും മുന്നോട്ട് കയറിപ്പോയിരുന്നില്ല. തെല്ല് ജാള്യതയോടെ ചാഹർ തിരികെ പന്തെറിയാൻ മടങ്ങുമ്പോൾ, ചെന്നൈ നായകൻ ധോണിയ്ക്കും ചിരിയടക്കാൻ കഴിയാതെ നിൽക്കുന്ന കാഴ്ച.