തങ്ങളുടെ ഹോംഗ്രൗണ്ടായ ചെപ്പോക് സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ പ്ലേഓഫിലെ ആദ്യ ക്വാളിഫയർ മത്സരത്തിൽ, ഗുജറാത്തിനെ തകർത്ത ചെന്നൈ സൂപ്പർ കിംഗ്സ് കലാശപോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ്. ടേബിൾ ടോപ്പേഴ്‌സായി എത്തിയ ഗുജറാത്ത്, 15 റൺസിനാണ് ചെന്നൈയോട് അടിയറവ് പറഞ്ഞത്. ചെന്നൈയുടെ പത്താം ഐപിഎൽ ഫൈനലാണ് ഇത്. ബുധനാഴ്ച നടക്കുന്ന മുംബൈ – ലഖ്നൗ എലിമിനേറ്റർ മത്സരത്തിലെ വിജയികളെ, രണ്ടാം ക്വാളിഫയർ മത്സരത്തിൽ നേരിടുന്ന ഗുജറാത്തിന് ഫൈനലിലേക്ക് യോഗ്യത നേടാൻ ഒരവസരം കൂടിയുണ്ട്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 172 റൺസ്. ഗുജറാത്ത് 20 ഓവറിൽ 157 റൺസിൽ എല്ലാവരും പുറത്തായി. 42 റൺസെടുത്ത ഗില്ലിനും 30 റൺസെടുത്ത റാഷിദ് ഖാനും ഒഴികെ മറ്റാർക്കും ചെന്നൈ ബോളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. നേരത്തെ ആദ്യ ബാറ്റിങ്ങിൽ ചെന്നൈയ്ക്ക് വേണ്ടി 60 റൺസെടുത്ത ഓപ്പണർ ഋതുരാജ് ഗേയ്ക്വാദ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റൊരു ഓപ്പണർ കോൺവെ 40 റൺസും, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ജഡേജ 16 പന്തിൽ 22 റൺസും നേടിയിരുന്നു.
മത്സരശേഷമുള്ള പ്രസന്റേഷൻ ചടങ്ങിന്റെ സമയത്ത് അവതാരകനായ ഹർഷ ഭോഗ്ലെ, ചെന്നൈ നായകൻ ധോണിയോട് ഒരു ചോദ്യം ചോദിച്ചു. ഇനി ഒരിക്കൽക്കൂടി താങ്കൾ ഈ ചെന്നൈയിലെ മൈതാനത്ത് കളിക്കാൻ ഇറങ്ങുമോയെന്ന്. ചെന്നൈ ഫാൻസ് മാത്രമല്ല, ലോകമെമ്പാടും ഉള്ള ധോണി ആരാധകർക്ക് അറിയാൻ ആകാംഷയുള്ള കാര്യം. അതിനുള്ള മറുപടിയായി ധോണി പറഞ്ഞത്, എനിക്ക് അത് ഉറപ്പുപറയാൻ പറ്റില്ല എന്നാണ്. കാരണം ഇനി ഡിസംബറിൽ നടക്കാൻ പോകുന്ന മിനിലേലത്തിന് 8-9 മാസത്തോളം സമയമുണ്ട്.
അതുകൊണ്ട് ഞാൻ ഇപ്പോൾതന്നെ അടുത്ത സീസൺ ആലോചിച്ച് തല പുകയ്ക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല, കാരണം അതിന് ഇഷ്ടം പോലെ സമയമുണ്ട്. ഞാൻ എപ്പോഴും ചെന്നൈയുടെ കൂടെ ഉണ്ടാകുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുതരാൻ കഴിയും. അത് ചിലപ്പോൾ പ്ലയിംഗ് ഇലവനിൽ ആകാം, അല്ലെങ്കിൽ മൈതാനത്തിന് പുറത്ത് ഇരുന്നുകൊണ്ടാകാം. എന്തായാലും തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ട്, എന്നാണ് ധോണി വ്യക്തമാക്കിയത്.