ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്ട്രലിയയും തമ്മിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്നലെ തുടക്കമായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസ് ഒന്നാം ദിനം കളി നിർത്തുമ്പോൾ ശക്തമായ നിലയിലാണ്. വേർപിരിയാത്ത നാലാം വിക്കറ്റിൽ 251 റൺസ് കൂട്ടുകെട്ടുമായി, 146 റൺസോടെ ട്രാവിസ് ഹെഡും 95 റൺസോടെ സ്റ്റീവൻ സ്മിത്തുമാണ് ക്രീസിൽ. രണ്ടാം ദിനമായ ഇന്ന് എത്രയും വേഗം ഇരുവരെയും മടക്കി മത്സരത്തിൽ തിരിച്ചുവരാനാണ് ടീം ഇന്ത്യ ശ്രമിക്കുക.
ഇന്നലെ മത്സരത്തിന്റെ നാലാം ഓവറിൽതന്നെ ഓപ്പണർ ഖവാജയേ പൂജ്യത്തിന് മടക്കി, പേസർ സിറാജ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. എങ്കിലും രണ്ടാം വിക്കറ്റിൽ അർദ്ധസെഞ്ചുറി കൂട്ടുകെട്ടുമായി വാർണറും ലബുഷൈനും അവരെ കരകയറ്റി. 43 റൺസെടുത്ത വാർണറേ, ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപ് ശർഡുൽ താക്കൂർ, വിക്കറ്റ് കീപ്പർ ഭരത്തിന്റെ കൈകളിൽ എത്തിച്ചു.
ലഞ്ച് കഴിഞ്ഞ് വന്നപ്പോഴേക്കും മുഹമ്മദ് ഷമിയുടെ മികച്ചൊരു പന്തിൽ 26 റൺസെടുത്ത ലബുഷെയ്ൻ ക്ലീൻ ബോൾഡ്. തുടർന്നായിരുന്നു സ്മിത്തിന്റെയും ഹെഡിന്റെയും വിളയാട്ടം. ഏകദിനശൈലിയിൽ ബാറ്റ് ചെയ്ത ഹെഡ് അതിവേഗം റൺസ് കണ്ടെത്തിയപ്പോൾ, പ്രതിരോധത്തിലൂന്നിയ കളിയുമായി സ്മിത്ത് മികച്ച പിന്തുണ നൽകുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യമായി സെഞ്ചുറി നേടിയ താരമെന്ന നേട്ടം ഹെഡ് സ്വന്തം പേരിലാക്കി.
അതിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുന്നത്. ലഞ്ചിന് മുൻപ് ശർദൂൽ താക്കൂർ എറിഞ്ഞ പതിനെട്ടാം ഓവറിലെ നാലാം പന്തിൽ ആയിരുന്നു സംഭവം. ലബുഷെയ്നിനെതിരെ ഇന്ത്യൻ താരങ്ങൾ എൽബിഡബ്ല്യൂവിനായി അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല.
തുടർന്ന് സഹതാരങ്ങളുമായി കൂടിയാലോചിച്ച രോഹിത് റിവ്യൂ എടുക്കുകയായിരുന്നു. തികച്ചും വ്യത്യസ്തമായ രീതിയിൽ കൈ പുറകിലേക്ക് കൊണ്ടുപോയാണ് അദ്ദേഹം സിഗ്നൽ നൽകിയത്. ഇതുകണ്ട് സഹതാരങ്ങൾ ചിരിയടക്കാൻ കഴിയാതെ നിൽക്കുന്നതും കാണാൻ കഴിഞ്ഞു. എങ്കിലും ആ പന്ത് വിക്കറ്റിൽ കൊള്ളുകയില്ലെന്ന് റീപ്ലേകളിൽ നിന്നും വ്യക്തമായി. അതോടെ ഇന്ത്യയുടെ ഒരു റിവ്യൂ അവസരം പാഴാകുകയും ചെയ്തു.