ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ന് തുടക്കമായിരിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ സ്പിന്നറായി ജഡേജയെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അശ്വിന് പകരം ഓൾറൗണ്ടർ ശർദൂൾ താക്കൂറിനാണ് അവസരം ലഭിച്ചത്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനോട് 8 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
ഇന്ന് മത്സരത്തിലെ നാലാം ഓവറിൽതന്നെ പേസർ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകിയിരിക്കുകയാണ്. മികച്ച ഫോമിലുള്ള ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജയെ പൂജ്യത്തിന് പുറത്താക്കുകയായിരുന്നു അദ്ദേഹം. ഓഫ് സ്റ്റമ്പിൽ വന്ന പന്ത് ബാറ്റിൽ തട്ടി എഡ്ജായി, വിക്കറ്റ് കീപ്പർ ഭരത് അനായാസം കൈപ്പിടിയിൽ ഒതുക്കി. തുടർന്ന് സിറാജിന്റെ അടുത്തേക്കു ആദ്യമായി ഓടിയെത്തിയത് വിരാട് കോഹ്‌ലിയായിരുന്നു. ഇരുവരും ഏതാനും നിമിഷങ്ങളോളം കെട്ടിപ്പിടിച്ചുകൊണ്ടു നിൽക്കുന്നത് കാണാമായിരുന്നു. സഹതാരങ്ങൾ അൽപം കഴിഞ്ഞാണ് സിറാജിന്റെ അടുത്തേക്ക് വരുന്നത്.
കരിയറിന്റെ തുടക്കത്തിൽ ഐപിഎല്ലിൽ ഒരുപാട് റൺ വഴങ്ങുന്ന ബോളർ എന്ന ചീത്തപ്പേരിൽ നിന്നിരുന്ന സിറാജിനെ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ നായകനായിരുന്ന കോഹ്‌ലി, മികച്ച പിന്തുണയും പ്രോത്സാഹനവും നൽകിയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് എത്തിച്ചത്. തുടർന്ന് ഇപ്പോൾ മൂന്ന് ഫോർമാറ്റിലും ടീം ഇന്ത്യക്ക് ഒഴിവാക്കാനാവാത്ത പേസറാക്കി മാറ്റിയതും. അതുകൊണ്ടുതന്നെ ഇരുതാരങ്ങളും തമ്മിലുള്ള ആത്മബന്ധം അത്ര വലുതാണ്.
വീഡിയോ..