Categories
Uncategorized

അതിൽ സഞ്ജുവിന് ഒരു പ്രത്യേക മിടുക്കുണ്ട്; രാജസ്ഥാൻ യുവതാരം സഞ്ജുവിനെക്കുറിച്ച് പറഞ്ഞത്…

മലയാളി താരം സഞ്ജു വി സാംസൺ നയിച്ച രാജസ്ഥാൻ റോയൽസ്, ഇത്തവണത്തെ ഐപിഎൽ സീസണിൽ സമ്മിശ്രപ്രകടനമാണ് നടത്തിയത്. ആദ്യ ഘട്ടത്തിൽ മിന്നും വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ ഒന്നാമത് നിന്നിരുന്ന കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റായ റോയൽസിന്, രണ്ടാം ഘട്ടത്തിൽ കാലിടറിയതോടെ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. പോയിന്റ് പട്ടികയിൽ അഞ്ചാമതായാണ് ടീം ഈ സീസണിൽ ഫിനിഷ് ചെയ്തത്. അടുത്ത സീസണിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തി റോയൽസ് തിരിച്ചുവരട്ടെ എന്ന് പ്രത്യാശിക്കാം.

അതിനിടെ റോയൽസ് നായകൻ സഞ്ജു സാംസണെ, പ്രശംസകൾകൊണ്ട് മൂടി രംഗത്തെത്തിയിരിക്കുകയാണ് ഈ സീസണിൽ ടീമിന്റെ നെറ്റ് ബോളർ ആയിരുന്ന മുഹമ്മദ് ഷരീം. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ അദ്ദേഹം, ഒരു വലംകയ്യൻ പേസ് ബോളറാണ്. 2021 സീസണിലും അദ്ദേഹത്തിന് ടീമിന്റെ നെറ്റ് ബോളറായി അവസരം ലഭിച്ചിരുന്നു. സഞ്ജു വളരെ കൂളായ ഒരു നായകൻ ആണെന്നാണ് ഷരീം പറയുന്നത്. അദ്ദേഹം ടീമിനെ നയിക്കുമ്പോൾ ഒക്കെയും യാതൊരു സമ്മർദ്ദവും അദ്ദേഹത്തിൽ താൻ കണ്ടിരുന്നില്ല. 

ഇത്തരം നായകരെ കാണാൻ കിട്ടുന്നത് അപൂർവമായി മാത്രമാണ്‌. ബോളർമാരെ കൃത്യമായി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു സഞ്ജുവിന് നന്നായി അറിയാം. സ്പിന്നർ ചഹലിനെക്കൊണ്ട് ഡെത്ത് ഓവറുകളിൽ ഏറിയിപ്പിച്ച് വിക്കറ്റുകൾ വീഴ്ത്തുന്നത് ഇതിന് മികച്ച ഉദാഹരണമാണ്. മാത്രമല്ല, കഴിവുള്ള യുവതാരങ്ങളെ കണ്ടെത്താൻ സഞ്ജുവിന് ഒരു പ്രത്യേക മിടുക്കുള്ളതായി താൻ കണ്ടിട്ടുണ്ടെന്നും ഷരീം പറയുന്നു. അങ്ങനെയുള്ളവർക്ക് കൂടുതൽ പ്രോത്സാഹനവും അവസരങ്ങളും നൽകി മുൻപന്തിയിൽ കൊണ്ടുവരാൻ സഞ്ജുവിന് കഴിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *